കെട്ടിട നിര്‍മാണാനുമതിയില്‍ അഴിമതിയെന്ന് പരാതി: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ

തിരുവനന്തപുരം: കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നതില്‍ അഴിമതിയുണ്ടെന്ന പരാതിയിന്മേല്‍ കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ. ആസ്ഥാന ഓഫിസില്‍ ജോലിനോക്കുന്ന രണ്ടുപേര്‍ക്കും ഫോര്‍ട്ട് സോണല്‍ ഓഫിസിലെ ഒരു ഉദ്യോഗസ്ഥക്കുമെതിരെയാണ് മേയര്‍ വി.കെ. പ്രശാന്ത് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നിയമിതരായ ഇവരെക്കുറിച്ച് പൊതുജനങ്ങളില്‍നിന്ന് ലഭിച്ച നാലു പരാതികള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാനാണ് വിജിലന്‍സിന് കൈമാറിയതെന്ന് മേയര്‍ അറിയിച്ചു. എന്നാല്‍, ആവശ്യപ്പെട്ട കാര്യം സാധിച്ചുകൊടുക്കാത്ത വൈരാഗ്യത്തില്‍ ഇടനിലക്കാരാണ് മേയര്‍ക്ക് പരാതി നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കേസില്‍ കുടുക്കുമെന്ന് ഒരു ഇടനിലക്കാരന്‍ കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥന്‍െറ ഓഫിസ് മുറിയിലത്തെി ഭീഷണിപ്പെടുത്തിയതായും അതിന്‍െറ തുടര്‍ച്ചയായാണ് മേയര്‍ക്ക് പരാതി നല്‍കിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്‍ കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കാനും കെട്ടിടം പൂര്‍ത്തിയാക്കിയശേഷം ടി.സി നമ്പര്‍ നല്‍കാനും എന്‍ജിനീയര്‍മാരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് പ്രധാന പരാതി. കൈക്കൂലി നല്‍കാത്തവരുടെ ഫയലുകള്‍ പിടിച്ചുവെക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച പരാതികളാണ് മേയര്‍ക്ക് ലഭിച്ചത്. അടുത്തിടെ ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഫയല്‍ നീക്കത്തിന് ഇടനിലക്കാര്‍ രണ്ടുസംഘങ്ങളായി തിരിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. ഇതില്‍ ഒരു സംഘത്തിന്‍െറ കാര്യം ഉദ്യോഗസ്ഥര്‍ സാധിച്ചുകൊടുത്തുവത്രെ. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മേയര്‍ക്ക് പരാതി ലഭിച്ചിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പൊതുജനങ്ങളോടുള്ള എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടിനെതിരെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ശ്രീകുമാര്‍ രൂക്ഷ വിമര്‍ശമുന്നയിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥന്‍െറ മുറിയിലത്തെിയാണ് ശ്രീകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്. എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരാസൂത്രണ സ്ഥിരംസമിതി ചെയര്‍മാന്‍ ആര്‍. സതീഷ് കുമാര്‍ പറഞ്ഞു. മരാമത്ത്-നഗരാസൂത്രണ സ്ഥിരംസമിതികളുടെ കീഴിലാണ് എന്‍ജിനീയറിങ് വിഭാഗം. അതിനാല്‍ സ്ഥിരംസമിതികളുടെ കൃത്യമായ മേല്‍നോട്ടമില്ലാത്തതാണ് ഉദ്യോഗസ്ഥരുടെ അഴിമതിക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എം.എല്‍.എ ആയിരുന്ന വി. ശിവന്‍കുട്ടി എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇപ്പോള്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ കെടുകാര്യസ്ഥതക്കെതിരെ മറ്റു സ്ഥിരംസമിതി അധ്യക്ഷരും രംഗത്തത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.