ട്രെയിനിനടിയിലൊളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ പിടികൂടി

തിരുവനന്തപുരം: തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് മോഷണം നടത്തിയശേഷം ട്രെയിനിനടിയില്‍ ഒളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കരമന സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവുമായ അയ്യപ്പനെയാണ് (32) സി.ഐ ഡി.കെ. പൃഥ്വിരാജിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാത്രി പത്തോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍വെച്ച് യാത്രക്കാരനായ തമിഴ്നാട് സ്വദേശി നാഗകണ്ണനെ ആക്രമിച്ച് അയ്യപ്പന്‍ 3,000 രൂപ തട്ടിയെടുത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിപ്പോയി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ നാഗകണ്ണന്‍ വിവരം അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് എത്തിയതോടെ അയ്യപ്പന്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍െറ ചക്രങ്ങള്‍ക്ക് ഇടയില്‍ ഒളിച്ചു. യാത്രക്കാരുടെ സഹായത്തോടെ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് അയ്യപ്പനെ പൊലീസ് കീഴടക്കിയത്. പിടിച്ചുപറി, മോഷണം, കഞ്ചാവ് കച്ചവടം തുടങ്ങിയ നിരവധി കേസുകളില്‍ ഇയാള്‍ നേരത്തേ തമ്പാനൂര്‍, കരമന സ്റ്റേഷനുകളില്‍ അറസ്റ്റിലായിട്ടുണ്ട്. എസ്.ഐമാരായ എസ്.പി. പ്രകാശ്, വിക്രമന്‍, സി.പി.ഒമാരായ രതീഷ് ഡീന്‍, രാജേഷ് മെഹന്തി ഹാസന്‍, തമ്പാന്‍ എന്നിവരും അറസ്റ്റില്‍ പങ്കെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ കടന്നുകയറിയതിന് ഇയാള്‍ക്കെതിരെ പ്രത്യേക റിപ്പോര്‍ട്ട് റെയില്‍വേ പൊലീസിന് നല്‍കുമെന്ന് തമ്പാനൂര്‍ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.