വിമാനത്താവള പരിസരത്തെ മാലിന്യപ്രശ്നത്തിന് ഉടന്‍ പരിഹാരം നഗരസഭയും എയര്‍പോര്‍ട്ട് അതോറിറ്റിയും കൈകോര്‍ക്കുന്നു

വള്ളക്കടവ്: വിമാനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വിമാനത്താവളത്തിന് പുറത്തെ മാലിന്യപ്രശ്നത്തിന് പരിഹാരംകാണുന്നതിന് നഗരസഭയും എയര്‍പോര്‍ട്ട് അതോറിറ്റിയും കൈകോര്‍ക്കുന്നു. ഇനി മാലിന്യം കൊത്തി പറക്കുന്ന പക്ഷികള്‍ വിമാനങ്ങളുടെ ചിറകില്‍ ഇടിക്കുന്നതും അതുമൂലമുള്ള അപകടസാധ്യതകളും സര്‍വിസുകള്‍ റദ്ദാക്കലും ഒഴിവാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തലസ്ഥാനത്തത്തെുന്ന ആകാശയാത്രക്കാര്‍ക്ക് മാലിന്യം ഭീഷണിയാകുന്നത് സംബന്ധിച്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അടിയന്തരനടപടിക്ക് ഒരുങ്ങിയത്. ഇതിന്‍െറ ആദ്യപടിയായി പരിസരത്ത് താമസിക്കുന്നവര്‍ക്ക് മാലിന്യസംസ്കരണം സംബന്ധിച്ച ബോധവത്കരണം നല്‍കും. ഉറവിട മാലിന്യ സംസ്കരണത്തിനായി കിച്ചണ്‍ബിന്നുകളും പൊതുസംവിധാനം എന്ന നിലയില്‍ തുമ്പൂര്‍മൂഴി മാതൃകയിലുള്ള എയ്റോബിക് ബിന്നുകളും അജൈവ മാലിന്യ പരിപാലനത്തിനായി റിസോഴ്സ് റിക്കവറി സെന്‍ററുകളും സ്ഥാപിക്കും. ഈ മേഖലയിലെ മാലിന്യനിക്ഷേപം ഒഴിവാക്കി നടപ്പാതകളും പുല്‍ത്തകിടികളും ഒരുക്കും. ഇതിനാവശ്യമായ തുക എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍നിന്ന് ലഭ്യമാക്കും. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുടെയും ‘എന്‍െറ നഗരം സുന്ദരനഗരം’ പ്രോജക്ടിലെ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഇതുസംബന്ധിച്ച ധാരണയായി. വിമാനത്താവള പരിധിയിലെ മാലിന്യനീക്കം നിലച്ചതോടെയാണ് വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനുമായി എത്തുന്ന വിമാനങ്ങള്‍ക്ക് പക്ഷികളുടെ ഭീഷണി ഉയര്‍ന്നത്. വിമാനത്താവളത്തിന് പുറത്ത് കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ കൊത്തി പറക്കുന്ന പക്ഷികള്‍ വിമാനങ്ങളുടെ ചിറകില്‍ ഇടിക്കുന്നത് പതിവാണ്. ഇത് മൂലം വിമാനകമ്പനികള്‍ക്ക് വന്‍ സാമ്പത്തികബാധ്യതയും യാത്രകള്‍ റദ്ദാക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. വിമാനത്താവളത്തിന്‍െറ പത്ത് കിലോമീറ്റര്‍ പരിധിയിലെ തുറന്ന ഇറച്ചിക്കടകളും അറവുശാലകളും മാലിന്യനിക്ഷേപവുമാണ് പക്ഷികള്‍ കൂട്ടത്തോടെ മേഖലയില്‍ കേന്ദ്രീകരിക്കാന്‍ കാരണം. ഇത്തരം അറവുശാലകളും ഇറച്ചിക്കടകളും ഒഴിപ്പിക്കാനോ പാര്‍വതീപുത്തനാറിലെ മാലിന്യനിക്ഷേപം തടയാനോ നഗരസഭക്ക് ഇതുവരെയും കഴിഞ്ഞില്ല. ഇതാണ് വിമാനത്താവള സുരക്ഷയെ ഗുരുതരമായി ബാധിച്ചത്. രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം പക്ഷിയിടി സാധ്യതയുള്ളത് തിരുവനന്തപുരത്താണെന്നാണ് വ്യോമയാന മന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നത്. 20,000 വിമാന നീക്കങ്ങള്‍ നടക്കുമ്പോള്‍ ഒറ്റപക്ഷിയിടി മാത്രം അനുവദനീയമായ തിരുവനന്തപുരത്ത് എല്ലാമാസവും അഞ്ചും ആറും തവണ വിമാനത്തില്‍ പക്ഷിയിടിക്കുന്നുണ്ട്. പക്ഷേ ഒരുവര്‍ഷം പത്തോളം അപകടങ്ങള്‍ മാത്രമാണ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ പൈലറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ പക്ഷിയിടി ഒൗദ്യോഗികമാകൂ. അല്ലാത്തവയെല്ലാം രേഖകളില്ലാതെ ഒതുക്കപ്പെടുകയാണ് പതിവ്. പക്ഷികളുമായി വിമാനം കൂട്ടിയിടിച്ചാല്‍ രണ്ട് ദിവസത്തിനകം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്‍െറ ചെന്നൈയിലെ റീജനല്‍ എയര്‍ സേഫ്റ്റി ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിന്‍െറ പകര്‍പ്പ് സിവില്‍ വ്യോമയാന ഡയറക്ടര്‍ക്ക് നല്‍കണം. പുറമേ എല്ലാമാസവും വ്യോമയാന സുരക്ഷാവിഭാഗം ഡയറക്ടര്‍ക്ക് പ്രത്യേകം റിപ്പോര്‍ട്ടും നല്‍കണം. പക്ഷിയിടിയുണ്ടായാല്‍ അത് അപകടമായി കണക്കാക്കി വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നതതല അന്വേഷണങ്ങളുമുണ്ടാകും. എന്നാല്‍, ഏറെ സങ്കീര്‍ണതയുള്ള ഈ അന്വേഷണ നടപടിക്രമങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പലപ്പോഴും പക്ഷിയിടി മറച്ചുവെക്കുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍. എയര്‍ക്രാഫ്റ്റ് റൂള്‍ ആക്ട് പ്രകാരം വിമാനത്താവളത്തിന്‍െറ പത്ത് കിലോമീറ്റര്‍ പരിധിയില്‍ തുറന്ന മാംസവില്‍പനശാലകളുണ്ടാവരുത്. ഇത് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യാം. എന്നാല്‍, ഈ നിയമങ്ങളെല്ലാം അധികൃതര്‍ കാറ്റില്‍ പറത്തുകയായിരുന്നു. റണ്‍വേയുടെ ലാന്‍ഡിങ് തൊട്ട് അടുത്ത പ്രദേശമായ മുട്ടത്തറയില്‍ തുറന്ന പ്രദേശത്ത് മത്സ്യവില്‍പന നടത്തിയിരുന്നു. മത്സ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ലക്ഷ്യമാക്കി ഇവിടെ വട്ടമിട്ട് പറക്കുന്ന പക്ഷിക്കൂട്ടങ്ങള്‍ നിരവധി തവണ വിമാനങ്ങളില്‍ ഇടിച്ച് അപകടത്തിന് വഴിയൊരുക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി സ്വന്തം ചെലവില്‍ മുട്ടത്തറയില്‍ മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചുനല്‍കിയാണ് അന്ന് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഇതിന് പിന്നാലെയാണ് വിളപ്പില്‍ശാല മാലിന്യപ്ളാന്‍റ് അടച്ചുപൂട്ടിയത്. ഇതോടെയാണ് നാട്ടുകാരും അറവുശാലക്കാരും ഇറച്ചി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വിമാനത്താവളത്തിന് പുറത്ത് ആളൊഴിഞ്ഞ മേഖലകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. ഇതാണ് വിമാനങ്ങള്‍ക്ക് ഭീഷണിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.