നാടും നഗരവും വിറപ്പിച്ച് തെരുവുനായ്ക്കള്‍

തിരുവനന്തപുരം: നാടും നഗരവും വിറപ്പിച്ച് തെരുവുനായ്ക്കള്‍ ജനങ്ങളുടെ സൈ്വരം കെടുത്തുമ്പോള്‍ നടപടിയെടുക്കാനാകാതെ അധികൃതരും ബന്ധപ്പെട്ട വകുപ്പുകളും. പേവിഷബാധയും ഗുരുതര പരിക്കുകളുമാണ് തെരുവുനായ്ക്കളില്‍ നിന്ന് നേരിടേണ്ടിവന്നതെങ്കില്‍ ഇപ്പോള്‍ മനുഷ്യരുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്കുവരെ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ മൂന്നുദിവസത്തിനിടയില്‍ 73 പേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള ചുമതല. എന്നാല്‍, നിയമവശങ്ങളും സാങ്കേതികകാരണങ്ങളും ചൂണ്ടിക്കാട്ടി തെരുവുനായനിയന്ത്രണപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അലംഭാവം കാട്ടുകയാണ് അധികൃതര്‍. ഒരിടവേളക്ക് ശേഷം തെരുവുനായ്ക്കള്‍ തലസ്ഥാനനഗരം കൈയടക്കിയിരിക്കുകയാണ്. വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് ബന്ധപ്പെട്ടവര്‍ പറയുമ്പോഴും നായ്ക്കള്‍ പെറ്റുപെരുകുകയാണ്. കഴിഞ്ഞ ദിവസം തെരുവുനായ്ക്കളുടെ കടിയേറ്റ് സില്‍വമ്മ എന്ന വൃദ്ധ മരിച്ചിരുന്നു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനും പരിക്കേറ്റിരുന്നു. യഥാര്‍ഥത്തില്‍ വന്ധ്യംകരണപ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ പ്രയോജനം ചെയ്യുന്നില്ളെന്നാണ് കണക്കുകൂട്ടല്‍. ഇതിലേക്ക് ചെലവിടുന്ന ലക്ഷങ്ങള്‍ പാഴാവുകയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ നായ്ക്കളുടെ വന്ധ്യംകരണത്തിന് ഒരു സംഘത്തെ നിയോഗിച്ചിരുന്നു. രണ്ട് വെറ്ററിനറി ഡോക്ടര്‍മാരും രണ്ട് ജീവനക്കാരും രണ്ട് പട്ടിപിടിത്തക്കാരും ഒരു ശുചീകരണ തൊഴിലാളിയും ഡ്രൈവറുമുള്‍പ്പെടെ എട്ടംഗ സംഘത്തെയാണ് നിയോഗിച്ചത്. പേട്ട മൃഗാശുപത്രിയിലാണ് ഇതിനായി സൗകര്യമൊരുക്കിയത്. ഇവിടെ ഒരേസമയം അഞ്ച് നായ്ക്കളുടെ വന്ധ്യംകരണം നടത്താന്‍ സാധിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അത് വിജയംകണ്ടില്ല. ഇതിനിടെ ഒരു സന്നദ്ധസംഘടനക്ക് വന്ധ്യംകരണത്തിനുള്ള കരാര്‍ നല്‍കി. ഒരു തെരുവുനായയെ വന്ധ്യംകരിക്കാന്‍ 445 രൂപ നിരക്കിലായിരുന്നു കരാര്‍. അതുവഴി 1041 നായ്ക്കളെ വന്ധ്യംകരിച്ചു. എന്നാല്‍, നിരക്ക് കൂടുതല്‍ വേണമെന്ന ഏജന്‍സിയുടെ ആവശ്യം കോര്‍പറേഷന്‍ നിരാകരിച്ചതോടെ 2015 ല്‍ പദ്ധതി നിലച്ചു. തുടര്‍ന്ന് പദ്ധതി കോര്‍പറേഷന്‍ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ നഗരസഭ നേരിട്ട് തുടങ്ങിയ വന്ധ്യംകരണം പ്രതീക്ഷിച്ചപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാതെ തെരുവുനായ്ക്കളുടെ ശല്യം പൂര്‍ണമായി ഒഴിവാക്കാനാകില്ളെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. അതേസമയം, പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആധുനികസൗകര്യങ്ങളോടുകൂടിയ മൊബൈല്‍ വെറ്ററിനറി യൂനിറ്റ് അനുവദിക്കണമെന്ന നിര്‍ദേശം വെറ്ററിനറി വിഭാഗം കോര്‍പറേഷന് സമര്‍പിച്ചിരുന്നു. കഴിഞ്ഞവര്‍ഷം സമര്‍പ്പിച്ച നിര്‍ദേശത്തിന് നടപടി സ്വീകരിക്കാന്‍ പോലും കോര്‍പറേഷന് ഇതുവരെ സാധിച്ചിട്ടില്ല. ഏകദേശം 25,000 തെരുവുനായ്ക്കള്‍ തലസ്ഥാനത്തുണ്ടെന്നാണ് കോര്‍പറേഷന്‍െറ കണക്ക്. ദിനംപ്രതി 20 നായ്ക്കളെയെങ്കിലും വന്ധ്യംകരിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ. എന്നാല്‍, കൂടുതല്‍ കാര്യക്ഷമമായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമായി മാറുന്നത് ഫണ്ടിന്‍െറ അപര്യാപ്തതയാലാണെന്നാണ് കോര്‍പറേഷന്‍െറ വിശദീകരണം. മരുന്നുകള്‍ക്കും നായ്ക്കള്‍ക്ക് ശസ്ത്രക്രിയക്ക് മുന്നോടിയായി നല്‍കുന്ന അനസ്തേഷ്യക്കും ഉള്ള മരുന്നുകള്‍ വാങ്ങാന്‍ ഫണ്ട് പോരാത്തത് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പത്തെണ്ണത്തിനെ വന്ധ്യംകരിക്കുമ്പോള്‍ 20 നായ്ക്കള്‍ പുതുതായി നഗരത്തില്‍ വരുന്നുവെന്നതും വെല്ലുവിളിയാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.