നഗരത്തെരുവുകള്‍ക്ക് നിറക്കൂട്ടിന്‍െറ കാലം

തിരുവനന്തപുരം: നഗരത്തിലെ പ്രധാനചുവരുകള്‍ക്ക് ചിത്രഭംഗി പകര്‍ന്ന് കലയുടെ കാന്‍വാസായ ആര്‍ട്ടീരിയ രണ്ടാംഘട്ടം പൂര്‍ത്തീകരിച്ചു. പ്രശസ്ത കലാകാരന്മാരുടെ സഹായത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) ടൂറിസം വകുപ്പും സംയുക്തമായാണ് ആര്‍ട്ടീരിയ സംഘടിപ്പിച്ചത്. നഗരത്തിരക്കിനിടയിലും കാഴ്ചക്കാരെ വിസ്മയിപ്പിക്കാനുതകുന്ന രീതിയിലാണ് ചുവര്‍ചിത്രങ്ങളെല്ലാം. ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന തലസ്ഥാനനഗരിക്ക് ഇത് പുത്തന്‍ശോഭ പകരുന്നു. പാളയം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിന്‍െറ ചുവരില്‍ ആര്‍ട്ടീരിയയുടെ ഒന്നാംഘട്ടമെന്ന നിലയില്‍ 21 കലാകാരന്മാര്‍ തീര്‍ത്ത വിശാല കാന്‍വാസിന് തുടര്‍ച്ചയായാണ് രണ്ടാംഘട്ടമത്തെിയത്. രണ്ടാംഘട്ടത്തില്‍ 22 കലാകാരന്മാരാണ് ചിത്രങ്ങളൊരുക്കിയത്. ഒന്നാംഘട്ടത്തില്‍ സംസ്കാരവും പാരമ്പര്യവുമായിരുന്നു വിഷയമെങ്കില്‍ രണ്ടാംഘട്ടത്തില്‍ തിരുവിതാംകൂറിന്‍െറ ചരിത്രവും ഉത്തരവാദിത്ത വിനോദസഞ്ചാരവുമായിരുന്നു നിറക്കൂട്ടുകളില്‍ ദൃശ്യവിസ്മയമായത്. കനകക്കുന്ന്, ടൂറിസം വകുപ്പ് ആസ്ഥാനം, മാസ്കറ്റ് ഹോട്ടല്‍, നഗരസഭ എന്നിവയുടെ ചുറ്റുമതിലുകളിലായാണ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയത്. നഗരത്തിലത്തെുന്നവര്‍ക്ക് സൗജന്യമായി ആസ്വദിക്കാന്‍ കഴിയുന്ന 24 മണിക്കൂറും തുറന്നിരിക്കുന്ന സ്ഥിരപ്രദര്‍ശനമെന്നതും ആര്‍ട്ടീരിയക്ക് സ്വീകാര്യത വര്‍ധിക്കാന്‍ കാരണമായി. സന്ദര്‍ശക കലാകാരന്മാര്‍ക്കായി ഒരുക്കിയ 500 ചതുരശ്രഅടി വിസ്തീര്‍ണത്തിലുള്ള തുറന്ന കാന്‍വാസും മറ്റൊരു പ്രത്യേകതയാണ്. വരക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ചിത്രത്തിന്‍െറ മാതൃക ഡി.ടി.പി.സി അധികൃതര്‍ക്ക് സമര്‍പ്പിച്ച് അനുവാദംവാങ്ങണം. ഇങ്ങനെ വരക്കുന്ന ചിത്രങ്ങള്‍ മൂന്നുമാസം വരെ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് അടുത്തയാളിന് അവസരം നല്‍കും. പുതിയ കലാകാരന്മാര്‍ക്ക് അവസരം നല്‍കുക വഴി ആര്‍ട്ടീരിയ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് ലക്ഷ്യം. ആര്‍ട്ടീരിയയുടെ രണ്ടാംഘട്ടം ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടുകൂടിയാണ് സംഘടിപ്പിച്ചത്. രണ്ടാംഘട്ടത്തില്‍ പറഞ്ഞിരുന്ന സ്ഥലങ്ങള്‍ കൂടാതെ മൃഗശാലയുടെ ചുറ്റുമതിലിലും ചിത്രങ്ങള്‍ വരക്കുന്നുണ്ട്. കാനായികുഞ്ഞിരാമന്‍, ബി.ടി. ദത്തന്‍, കാട്ടൂര്‍ നാരായണപിള്ള, എന്‍.എന്‍. റിംസണ്‍, ജി. അജിത്കുമാര്‍, പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചുവര്‍ചിത്രങ്ങള്‍ ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.