മണ്ണും മനുഷ്യനും കഥപറയും ചിത്രങ്ങള്‍

തിരുവനന്തപുരം: മണ്ണിന്‍െറ കാഴ്ചയും മനുഷ്യന്‍െറ പച്ചയായ ജീവിതവും പറയുന്ന ചിത്രപ്രദര്‍ശനം വേറിട്ടതാകുന്നു. ഗ്രാമത്തിന്‍െറ പച്ചപ്പുംവെളിച്ചവും നന്മയും അതില്‍ കാണാം. മണ്ണിനെ ജീവനുതുല്യം സ്നേഹിക്കുന്ന കര്‍ഷകരുടെയും മണ്‍കലങ്ങള്‍ നിര്‍മിക്കുന്നവരുടെയും ഞാറുനടുന്നവരുടെയും നിലം ഉഴുകുന്നവരുടെയും വേദനയും പ്രയത്നവും ഓരോചിത്രങ്ങളും പറയുന്നു. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനമാണ് ശ്രദ്ധേയമാകുന്നത്. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡിന് സമര്‍പ്പിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ‘മണ്ണും മനുഷ്യനും’ എന്നതായിരുന്നു വിഷയം. വ്യാഴാഴ്ച തുടങ്ങിയ പ്രദര്‍ശനം സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത 434 പേരുടെ 1033 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ശനിയാഴ്ച വരെയാണ് പ്രദര്‍ശനം. സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡിന് 50,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ഒന്നാംസമ്മാനത്തിന് പത്തനാപുരം പാതിരിയ്ക്കല്‍ സ്വദേശി ജി. സുധാകരന്‍ അര്‍ഹനായി. 30,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന രണ്ടാംസമ്മാനത്തിന് തൃശൂര്‍ തൈക്കാട്ടുശേരിയിലെ റനീഷ് അര്‍ഹനായി. 25,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന മൂന്നാംസമ്മാനത്തിന് ശ്രീധരന്‍ വടക്കാഞ്ചേരിയും അര്‍ഹനായി. പത്തുപേര്‍ക്ക് 2500 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പ്രോത്സാഹന സമ്മാനവും നല്‍കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.