ഐ.ടി.ഐ വിദ്യാര്‍ഥിനികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും –മന്ത്രി ടി.പി. രാമകൃഷ്ണന്‍

കഴക്കൂട്ടം: വനിതാ ഐ.ടി.ഐയില്‍നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥിനികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് തൊഴില്‍-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഐ.ടി.ഐയില്‍ പുതിയ മന്ദിരത്തിന്‍െറ ഉദ്ഘാടനവും ഹോസ്റ്റല്‍ ശിലാസ്ഥാപനവും കമ്പ്യൂട്ടര്‍ ലാബ്, ഡോര്‍മിറ്ററി എന്നിവയുടെ സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആകെയുള്ള 19 ട്രേഡുകളില്‍ ഒമ്പതെണ്ണത്തിനാണ് എന്‍.സി.വി.ടി അംഗീകാരമുള്ളത്. ബാക്കിയുള്ളവക്ക് അംഗീകാരം ലഭിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ ശ്രമിക്കും. ട്രേഡുകളില്‍ മാറ്റം വരുത്തണമെങ്കില്‍ അക്കാര്യത്തിലും അനുകൂല നിലപാടാണ് സര്‍ക്കാറിനുള്ളത്. മികച്ച തൊഴിലവസരങ്ങള്‍ക്കായി ഐ.ടി.ഐ കോഴ്സുകള്‍ തെരഞ്ഞെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ രക്ഷാകര്‍ത്താക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്ന് അധ്യക്ഷത വഹിച്ച വൈദ്യുതി-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പിലെ സ്ഥാപനങ്ങളെക്കുറിച്ചുള്ള റഫറന്‍സ് പുസ്തകം വൈദ്യുതി മന്ത്രി പ്രകാശനം ചെയ്തു. പുതിയ അപ്പാരല്‍ ലാബ്, ഡ്രൈവിങ് സ്കൂള്‍ എന്നിവയുടെ ഉദ്ഘാടനം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് നിര്‍വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ കെ. ബിജു സ്വാഗതവും പ്രിന്‍സിപ്പല്‍ ജെ. സുജാത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.