പേ ആന്‍ഡ് പാര്‍ക്കിങ്; രണ്ടാംഘട്ടം കേശവദാസപുരം വരെ

തിരുവനന്തപുരം: എം.ജി റോഡില്‍ കിഴക്കേകോട്ട മുതല്‍ പുളിമൂടുവരെ നടപ്പാക്കിയ പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനം കേശവദാസപുരം വരെ നീട്ടും. മേയര്‍ അഡ്വ. വി.കെ. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുകയും പിന്നീട് സ്ഥിരം സംവിധാനവുമാക്കിയ പാര്‍ക്കിങ് സംവിധാനമാണ് കേശവദാസപുരം വരെ നീട്ടുന്നത്. മൂന്നാംഘട്ടമായി വെള്ളയമ്പലം മുതല്‍ ശാസ്തമംഗലം ജങ്ഷന്‍ വരെയും വഴുതക്കാട് ഇടറോഡിലും നടപ്പാക്കാനും തീരുമാനമുണ്ട്. പ്രീ-പെയ്ഡ് ഓട്ടോകളില്‍ ചിപ്പ് ഘടിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാഫിക് പൊലീസ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഓട്ടോ പ്രീ-പെയ്ഡ് പോയന്‍റില്‍ പ്രവേശിക്കുമ്പോള്‍തന്നെ വാഹന നമ്പറടക്കം കമ്പ്യൂട്ടറില്‍ തെളിയും. ഇത് വേഗത്തില്‍ വാഹനം പോയന്‍റില്‍നിന്ന് യാത്ര ആരംഭിക്കാന്‍ സഹായിക്കും. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെയും ബസ് സ്റ്റാന്‍ഡ് പരിസരത്തെയും ഓട്ടോകളില്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ചാണ് അദ്യഘട്ടത്തില്‍ പഠനം നടത്തുക. പ്രീ-പെയ്ഡ് ഓട്ടോ കൗണ്ടര്‍ ഗാന്ധിപാര്‍ക്കിന് പിറകുവശത്തും സ്ഥാപിക്കാന്‍ തീരുമാനിച്ചു. കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കിംസ് ആശുപത്രി പരിസരം, എയര്‍പോര്‍ട്ട് തുടങ്ങിയയിടങ്ങളില്‍ പ്രീ-പെയ്ഡ് ഓട്ടോ അനുവദിക്കുന്നത് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും നിര്‍ദേശം നല്‍കി. കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‍െറ ഭാഗമായി കെ.എസ്.ആര്‍.ടി.സി ഗ്യാരേജിനകത്തുള്ള സ്ഥലം പ്രയോജനപ്പെടുത്തി റൂട്ടുകളിലേക്ക് സര്‍വിസ് നടത്തുന്നതാണ് ഉചിതമെന്ന് ട്രാഫിക് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഇത് പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിനും കെ.എസ്.ആര്‍.ടി.സിക്കും കത്ത് നല്‍കാന്‍ തീരുമാനിച്ചു. അപകടം ഒഴിവാക്കുന്നതിന് ഒരേദിശയില്‍ രണ്ട് ബസുകള്‍ കയറിവരുന്നത് ഒഴിവാക്കും. സമാനപാതയില്‍ എല്ലാ ബസുകളും കിഴക്കേകോട്ടയില്‍നിന്ന് പുറപ്പെടുന്നതിന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ കിഴക്കേകോട്ടയില്‍ കാല്‍നടയാത്രികര്‍ക്കായി ഫുട്ഓവര്‍ബ്രിഡ്ജ് എസ്കലേറ്റര്‍ സംവിധാനത്തോടെ സ്ഥാപിക്കുന്ന വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. യോഗത്തില്‍ നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. ആര്‍. സതീഷ്കുമാര്‍, ഡി.സി.പി ശിവവിക്രം, കോര്‍പറേഷന്‍ അഡീഷനല്‍ സെക്രട്ടറി എല്‍.എസ്. ദീപ, ട്രാഫിക് അസിസ്റ്റന്‍റ് കമീഷണര്‍മാരായ മോഹനന്‍, ജ്യോതിഷ്കുമാര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.