ആറ്റിങ്ങല്‍: കടയ്ക്കാവൂരിലെ കുടുംബ വീട്ടില്‍നിന്ന് രാത്രിയില്‍ ജോലിക്ക് ഹാജരാകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ടി.ടി.ഇ യെ അക്രമിസംഘം മര്‍ദിച്ചതായി പരാതി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് പരിശോധകന്‍ മനുമാധവനെയാണ് ആറംഗ അക്രമിസംഘം മര്‍ദിച്ചവശനാക്കി പണമടങ്ങിയ പഴ്സും വിലപ്പെട്ട രേഖകളും കവര്‍ന്നത്. മുഖത്തും വാരിയെല്ലിനും തലക്കും മര്‍ദനത്തില്‍ പരിക്കേറ്റു. പഴ്സിലുണ്ടായിരുന്ന 9200 രൂപയും ഐഡന്‍റിറ്റി കാര്‍ഡും മറ്റ് ഒൗദ്യോഗിക രേഖകളും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. തിരുവനന്തപുരം, തിരുമല, ടി.വി നഗറില്‍ വാടകക്ക് താമസിക്കുന്ന മനുമാധവന്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായാണ് ചൊവ്വാഴ്ച രാവിലെ കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിനു സമീപത്തെ, അമ്മ എന്ന തന്‍െറ കുടുംബ വീട്ടില്‍ എത്തിയത്. മാതാവിന്‍െറയും പിതാവിന്‍െറയും പിതൃക്കള്‍ക്കുള്ള ബലികര്‍മം അവര്‍ക്കു വേണ്ടി മനുമാധവനാണ് സ്ഥിരമമായി ചെയ്യുന്നത്. മാതാവും പിതാവും കിടപ്പുരോഗികളായതിനാലാണ് മനുമാധവന്‍ അവര്‍ക്കുവേണ്ടി ബലികര്‍മം ചെയ്യുന്നത്. കുടുംബവീട്ടിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഡ്യൂട്ടിക്ക് ഹാജരാകാന്‍ രാത്രി 12.30 ന് കടയ്ക്കാവൂരില്‍ സ്റ്റോപ്പുള്ള ഗുരുവായൂര്‍ എക്സ്പ്രസില്‍ പോകാന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെയാണ് ആക്രമണം. രാത്രി വൈകിയാണ് ട്രെയിന്‍ എത്തുകയെന്നതിനാല്‍ വീട്ടില്‍നിന്ന് കുറച്ചുനേരത്തേ സ്റ്റേഷനിലേക്ക് പുറപ്പെടുകയായിരുന്നു മനുമാധവന്‍. രണ്ടുബെക്കുകളിലായി എത്തിയ ആറംഗസംഘമാണ് തന്നെ ആക്രമിച്ചതെന്ന് മനുമാധവന്‍ കടയ്ക്കാവൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തലക്കും മുഖത്തും വാരിയെല്ലിനും മര്‍ദനമേറ്റ ഇയാള്‍ ഭയന്ന് നിലവിളിച്ചുകൊണ്ട് റെയില്‍വേസ്റ്റേഷനിലേക്ക് ഓടി. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ സംഭവം കടയ്ക്കാവൂര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇയാളുടെ കൈയിലെ മൊബൈല്‍ഫോണ്‍ അക്രമിസംഘം തറയിലടിച്ച് പൊട്ടിക്കുകയും ചെയ്തു. നാടക പ്രവര്‍ത്തകനും അധ്യാപകനുമായ വക്കം മാധവന്‍െറ മകനാണ് മനുമാധവന്‍. റെയില്‍വേ അധികൃതര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയതായി മനുമാധവന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.