വെള്ളിയാഴ്ചക്കകം മാറിയില്ളെങ്കില്‍ വ്യാപാരികളെ നോട്ടീസില്ലാതെ ഒഴിപ്പിക്കും –കലക്ടര്‍

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ കെ.എസ്.ആര്‍.ടി.സിയുടെ വസ്തുവില്‍ കുത്തകപാട്ടം റദ്ദാക്കപ്പെട്ട വ്യാപാരികളെ നോട്ടീസ് ഇല്ലാതെ ഒഴിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വ്യാപാരികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗതാഗതക്കുരുക്കഴിക്കാന്‍ നിലവിലെ ബസ് ബേയുടെ പിന്നില്‍ കൂടുതല്‍ ബസ് ബേകള്‍ നിര്‍മിക്കും. ഇതിനായാണ് കുത്തകപ്പാട്ടം റദ്ദാക്കപ്പെട്ട വ്യാപാരികളോടും അനധികൃത കൈയേറ്റക്കാരോടും ഒഴിഞ്ഞുപോകാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. കെ.എസ്.ആര്‍.ടി.സിയുമായി നിലവില്‍ കരാറുള്ള വ്യാപാരസ്ഥാപനങ്ങള്‍ മാറ്റാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കൈക്കൊള്ളാന്‍ ധാരണയായി. ബീമാപള്ളി ഭാഗത്തേക്കുള്ള ബസുകള്‍ക്കുള്ള സ്റ്റോപ് പുന$ക്രമീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വെട്ടിമുറിച്ചകോട്ട വഴി ബസുകള്‍ പുറത്തേക്ക് വന്ന് ലൂസിയ ഹോട്ടലിന് പിന്‍വശം നിര്‍ത്തി ആളിറക്കുകയും കയറ്റുകയും ചെയ്ത് കോട്ടക്കകത്തേക്ക് പോകുന്ന രീതിയില്‍ ബീമാപള്ളി ഭാഗത്തേക്കുള്ള ബസുകളുടെ റൂട്ട് മാറ്റും. നിലവില്‍ ബസുകള്‍ കോട്ടക്കകത്തുനിന്ന് പുറത്തേക്ക് വന്ന് റോഡ് മുറിച്ചുകടക്കുകയും വെട്ടിമുറിച്ചകോട്ട വഴി തിരികെ പോകുകയുമാണ് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്ക് വര്‍ധിപ്പിച്ചിരുന്നു. പുതിയ മാറ്റത്തോടനുബന്ധിച്ച് ലൂസിയ ഹോട്ടലിന് പിന്‍വശത്ത് ആധുനിക രീതിയില്‍ കാത്തിരിപ്പുകേന്ദ്രങ്ങള്‍ പണിയും. ലൂസിയക്ക് പിന്‍വശമുണ്ടായിരുന്ന ഓട്ടോ സ്്റ്റാന്‍ഡ് ശ്രീപത്മനാഭ തിയറ്ററിന് മുന്‍വശമുള്ള ഭാഗത്തേക്ക് മാറ്റും. ഇതിനായി പ്രത്യേക റാമ്പും നിര്‍മിക്കാന്‍ തീരുമാനമായി. യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, ആര്‍.ടി.ഒ എ.പി. അശോക്കുമാര്‍, ട്രാഫിക് അസി. കമീഷണര്‍ (സൗത്) ജ്യോതിഷ് കുമാര്‍, ടി.ആര്‍.ഡി.സി.എല്‍ എം.ഡി അനില്‍കുമാര്‍ പണ്ടാല, റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് കോഓര്‍ഡിനേറ്റര്‍ സി.കെ. രാജേന്ദ്രബാബു, തഹസില്‍ദാര്‍ കെ.ആര്‍. മണികണ്ഠന്‍, കെ.എസ്.ആര്‍.ടി.സി, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.