കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞം പുതിയ വാര്‍ഫിന് കേടുപാട്

വിഴിഞ്ഞം: ശക്തമായ കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞം പുതിയ വാര്‍ഫിലെ ബുള്ളാര്‍ഡുകളില്‍(കപ്പലുകളും ബോട്ടുകളും നങ്കൂരമിടുന്ന കുറ്റി) ഒരെണ്ണം ഇളകി കടലില്‍ വീണു. മറ്റൊരെണ്ണം അടര്‍ന്ന് ഇളകിത്തൂങ്ങി. വാര്‍ഫിലെ പ്രതലത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. തിരയടിയില്‍ വാര്‍ഫില്‍ നങ്കൂരമിട്ടിരിക്കുന്ന ഗുജറാത്തി ടഗ് ബ്രഹ്മാക്ഷര ഇടിച്ചാണ് ബുള്ളാര്‍ഡുകള്‍ ഇളകിയത്. കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതുകാരണം ടഗ് വാര്‍ഫില്‍ ഇടിച്ച് അപകടം ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷ മുന്നിര്‍ത്തി ടഗിന്‍െറ നങ്കൂരം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ടഗ് വാര്‍ഫില്‍നിന്ന് മാറ്റുന്നതു സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിനും മെര്‍ക്കിന്‍റയില്‍ മറൈന്‍ ഡിപ്പാര്‍ട്മെന്‍റിനും കൊല്ലം പോര്‍ട്ട് ഓഫിസര്‍ക്കും ടഗ് ഉടമസ്ഥനും കത്തയച്ചതായി അധികൃതര്‍ അറിയിച്ചു. ടഗ് നങ്കൂരമിട്ടിരിക്കുന്ന ഇനത്തില്‍ അടക്കാനുള്ള മൂന്നു ലക്ഷത്തോളം രൂപ പോര്‍ട്ട് ഫീസും വാര്‍ഫിന് കേടുപാടു സംഭവിച്ചതിന്‍െറ നഷ്ടപരിഹാരവും അടച്ച ശേഷമേ ഇനി ടഗിന് വിഴിഞ്ഞം വിട്ടു പോകാനാകൂ. പോര്‍ട്ട് എന്‍ജിനീയറിങ് വിഭാഗം വാര്‍ഫിലെ കേടുപാടുകള്‍ പരിശോധിച്ച് നഷ്ടം വിലയിരുത്തും. അടുത്തമാസം ആറിനകം പിഴയടച്ച ശേഷം ടഗിനെ കൊണ്ടുപോകണമെന്നും അല്ലാത്തപക്ഷം ടഗ് കണ്ടുകെട്ടി ലേലംചെയ്ത് പണം ഈടാക്കുമെന്നും ഉടമസ്ഥര്‍ക്ക് അറിയിപ്പുനല്‍കിയതായി തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ അവസാനത്തോടെയാണ് ലക്ഷദ്വീപില്‍നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ബ്രഹ്മേശ്വര എന്ന ടഗ് ഇന്ധനവും വെള്ളവും തീര്‍ന്നപ്പോള്‍ വിഴിഞ്ഞത്ത് അഭയം തേടിയത്. ശമ്പളമില്ലാതെയും ആവശ്യത്തിന് ഭക്ഷണമില്ലാതെയും മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ ഇപ്പോഴും അനുമതി ലഭിക്കാത്തതിനാല്‍ ടഗിനുള്ളില്‍ കഴിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.