നഴ്സിങ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 23 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. നഴ്സിങ് ഹോസ്റ്റലിലെ മെസില്‍ വിതരണം ചെയ്ത പ്രഭാത ഭക്ഷണവും ഊണും കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധ. മെസില്‍നിന്ന് ആഹാരം കഴിച്ചവര്‍ക്ക് നേരിയ തലകറക്കം, ഛര്‍ദി, ശരീരവേദന, ദേഹാസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടുകയായിരുന്നു. രാവിലെ മുതല്‍ ചില കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടായിരുന്നതായി പറയുന്നു. ഇവരില്‍ പലരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയിരുന്നു. വിദ്യാര്‍ഥികളില്‍ ചിലര്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തി വൈദ്യസഹായം തേടിയതോടെയാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. ചികിത്സ തേടിയ വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. ജനറല്‍ നഴ്സിങ്, ബി.എസ്സി നഴ്സിങ് വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണിവര്‍. നഴ്സിങ് കോളജില്‍ നേരത്തേയും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടെനിന്ന് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ആഹാരം ഗുണനിലവാരമില്ലാത്തതാണെന്ന് പലതവണ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ 14 പേരാണ് നിരീക്ഷണത്തിലുള്ളത്. ബാക്കിയുള്ളവര്‍ ആശുപത്രി വിട്ടു. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.