തിരുവനന്തപുരം: റോഡും തോടും മാലിന്യംകൊണ്ട് നിറയുമ്പോഴും മാലിന്യസംസ്കരണം കാര്യക്ഷമമെന്ന് കോര്‍പറേഷന്‍. കഴിഞ്ഞ ഭരണസമിതിയുടെ അവസാനം മുതല്‍ ഇതുവരെ നിരത്തില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ സ്വീകരിച്ച കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയാണ് ഭരണസമിതിയുടെ വാര്‍ത്താക്കുറിപ്പ്. 100 വാര്‍ഡുള്ള കോര്‍പറേഷനില്‍ മാലിന്യം പ്രധാനകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നിറഞ്ഞുനില്‍ക്കുമ്പോഴാണ് കണക്കുകളുമായി ഭരണസമിതി രംഗത്തുവന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 329 പേരാണ് പൊതു ഇടങ്ങളില്‍ മാലിന്യം തള്ളിയതിന് പിടിയിലായത്. ഇവരില്‍നിന്ന് 5,13,700 രൂപ പിഴ ഈടാക്കി. ആരോഗ്യവിഭാഗം സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എന്നാല്‍, മാലിന്യം നീക്കാന്‍ എന്തൊക്കെ നടപടിയെടുത്തെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കുന്നില്ല. സ്റ്റാച്യു, ജഗതി, വഞ്ചിയൂര്‍, തമ്പാനൂര്‍ മോഡല്‍ സ്കൂള്‍ ജങ്ഷന്‍, പാളയം സാഫല്യം കോംപ്ളക്സിന് സമീപം തുടങ്ങി മിക്കയിടങ്ങളിലും പ്ളാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ മാലിന്യങ്ങള്‍ കുന്നുകൂടിയിട്ടുണ്ട്. ഇതിനുപുറമെയാണ് നഗരത്തെ വലയ്ക്കുന്ന പ്ളാസ്റ്റിക് കത്തിക്കല്‍ യജ്ഞവും. പുതിയ ഭരണസമിതി അധികാരമേറ്റ് മാസങ്ങള്‍ കഴിഞ്ഞിട്ടും മാലിന്യമടക്കം പ്രതിസന്ധി സൃഷ്ടിച്ച വിഷയങ്ങള്‍ അതേപടി തുടരുകയാണെന്നാണ് ആക്ഷേപം. ഇറച്ചി മാലിന്യമടക്കം വഴിയില്‍ തള്ളുന്നത് ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.