തിരുവനന്തപുരം: അപ്രതീക്ഷിതമായി ബുധനാഴ്ച ഉച്ചയോടെ മഴ പെയ്തെങ്കിലും തലസ്ഥാനജില്ലയിലെ പൊള്ളുന്ന ചൂടിന് തെല്ലും ശമനമില്ല. ജില്ലയില്‍ 35 ഡിഗ്രിയായിരുന്നു ചൊവ്വാഴ്ചത്തെ ചൂട്. വിമാനത്താവളത്തിലും പരിസരത്തും 34 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ചൂട് കൂടിയതോടെ തലസ്ഥാനത്തും സൂര്യാതപം റിപ്പോര്‍ട്ട് ചെയ്തു. സെക്രട്ടേറിയറ്റിന് സമീപം തട്ടുകട നടത്തുന്ന വട്ടപ്പാറ ചിറ്റാഴ മൈത്രി നഗര്‍ ജഗതം വീട്ടില്‍ സജിക്കാണ്(40) സൂര്യാതപമേറ്റത്. കഴിഞ്ഞദിവസം കിഴക്കേകോട്ടക്ക് സമീപം നില്‍ക്കുമ്പോഴാണ് വയറ്റില്‍ പൊള്ളലേറ്റത്. വൃത്താകൃതിയില്‍ പൊള്ളിയഭാഗം വ്രണമായ നിലയിലാണ്. ശാരീരിക അവശത അനുഭപ്പെട്ട ഇദ്ദേഹം വീട്ടിലത്തെി പരിശോധിച്ചപ്പോഴാണ് പൊള്ളല്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ചൂട് കൂടിയതും പല സ്ഥലങ്ങളിലും സൂര്യാതപമേറ്റുള്ള പൊള്ളലുകളും റിപ്പോര്‍ട്ട് ചെയ്തതോടെ പുറത്തുള്ള ജോലിസമയം പുന$ക്രമീകരിച്ച് തൊഴില്‍വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സൂര്യാതപമേല്‍ക്കുന്നത് തടയുന്നതിന് ജോലിസമയത്തില്‍ പുന$ക്രമീകരണം വരുത്താന്‍ എല്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറഞ്ഞ ചൂട് വര്‍ധിച്ചതാണ് രാത്രിയിലും പകലിലും ഒരുപോലെ ചുട്ടുപൊള്ളുന്ന അനുഭവം ഉണ്ടാക്കുന്നത്. വര്‍ധിക്കുന്ന ചൂട് മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ആരോഗ്യവിഭാഗം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശരീരോഷ്മാവ് ഉയരുക, ചര്‍മംവരളുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാകുക, തലവേദന, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവ ചൂട് കൂടുന്നതുമൂലം ഉണ്ടാകാം. കൂടിയ നാഡിമിടിപ്പ്, ശ്വസിക്കാന്‍ പ്രയാസം, വിയര്‍പ്പിന്‍െറ അഭാവം, ചര്‍മം ചുവന്ന് തടിക്കുക, പൊള്ളലേല്‍ക്കുക തുടങ്ങിയവ സൂര്യാതപത്തിന്‍െറ ലക്ഷണങ്ങളാവാം. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ക്ക് സൂര്യാതപമേല്‍ക്കാനുളള സാധ്യത കൂടും. കുട്ടികള്‍, പ്രായമായവര്‍, വിവിധ അസുഖങ്ങളുള്ളവര്‍, ജന്മനാ വിയര്‍പ്പ് ഗ്രന്ഥികളുടെ അഭാവമുള്ളവര്‍, കര്‍ഷകതൊഴിലാളികള്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, മറ്റ് പുറംവാതില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. ശുദ്ധജലം ധാരാളം കുടിക്കുക, ദ്രവരൂപത്തിലുള്ള ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുക, ദാഹം തോന്നാതെ തന്നെ ദിവസം എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിക്കുക, നനഞ്ഞ തുണി പിഴിഞ്ഞ് ശരീരം തുടക്കുക, പുറംവാതില്‍ ജോലികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കുകയും ഇടക്കിടെ വിശ്രമിക്കുകയും ചെയ്യുക, കട്ടികുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങളും കഴിവതും കോട്ടണ്‍ വസ്ത്രങ്ങളും ധരിക്കുക തുടങ്ങിയവ പ്രതിരോധമാര്‍ഗങ്ങളാണ്. സൂര്യാതപമേറ്റ് പൊള്ളലേറ്റാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കാനുള്ള ശ്രമം നടത്തണം. പൊള്ളിയ ഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്. തണലുള്ള സ്ഥലത്തേക്ക് മാറ്റിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ശരീരമാസകലം തുടയ്ക്കണം. തുടര്‍ന്ന് എത്രയും വേഗം ആശുപത്രിയിലത്തെിച്ച് വിദഗ്ധചികിത്സക്ക് വിധേയമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.