പരവൂര്‍ ദുരന്തം: ഗുരുതരനിലയിലുള്ളവര്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സുധീറിന്‍െറയും സുജാതയുടെയും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ വാര്‍ഡുകളിലേക്ക് മാറ്റാമെന്ന് പ്രത്യേക അവലോകന യോഗം വിലയിരുത്തി. അജിത്തിന്‍െറയും രാജീവിന്‍െറയും നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ഗുരുതരാവസ്ഥ തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള മറ്റ് മൂന്നുപേരുടെ നിലയും ഗുരുതരമാണ്. പ്രത്യേക വിദഗ്ധസംഘത്തിന്‍െറ നിരന്തര നിരീക്ഷണത്തിലാണിവര്‍. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കൊണ്ടുവന്ന ചെസ്റ്റ് വൈബ്രേറ്റര്‍ മെഷീന്‍ ഉപയോഗിച്ച് ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യുന്നുണ്ട്. ബ്രോങ്കോസ്കോപ്പി ചെയ്ത് ശ്വാസനാളത്തില്‍ അടഞ്ഞ കഫം നീക്കിയിരുന്നു. 44 പേരാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോഴുള്ളത്. വര്‍ക്കല സ്വദേശി ദീപുകുമാര്‍ (25) , ആദര്‍ശ് (16), കൊട്ടിയം സ്വദേശി സജീര്‍ (36) എന്നിവരെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. പരവൂര്‍ സ്വദേശി അനന്ദു (18) , നെടുങ്ങോലം സ്വദേശി രാജേന്ദ്രന്‍ നായര്‍ (52) എന്നിവരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കേള്‍വിക്കുറവ് കാരണം ചികിത്സ തേടിയത്തെിയ നെടുമങ്ങാട് സ്വദേശി കിഷോറിനെ (34) കഴിഞ്ഞ ദിവസം അഡ്മിറ്റാക്കി. നെഞ്ചില്‍ ക്ഷതമേല്‍ക്കുകയും 40 ശതമാനം പൊള്ളലേല്‍ക്കുകയും ചെയ്ത രാജീവ് (16) ഇപ്പോഴും ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലാണ്. 50 ശതമാനം പൊള്ളലേറ്റ തിരുവനന്തപുരം സ്വദേശി അജിത് (16) ലിവര്‍ ട്രാന്‍സ്പ്ളാന്‍റ് ഐ.സി.യുവിലും. ഇയാളെ വെന്‍റിലേറ്ററില്‍നിന്ന് മാറ്റിയെങ്കിലും ഗുരുതരാവസ്ഥ മാറിയിട്ടില്ല. കൊല്ലം സ്വദേശിനി സുജാത (31) സര്‍ജിക്കല്‍ ഐ.സി.യുവിലാണ്. ഒരു കണ്ണിന് സാരമായി ക്ഷതമേറ്റ ഇവരുടെ മുഖത്തെ എല്ലുകള്‍ക്കും പൊട്ടലുണ്ട്. അട്ടക്കുളം സ്വദേശി സുധീര്‍ (35), കഴക്കൂട്ടം സ്വദേശി കണ്ണന്‍ (27), കളക്കോട് സ്വദേശി ചന്ദ്രബോസ് എന്നിവരാണ് ബേണ്‍സ് ഐ.സി.യുവിലുള്ളത്. വാര്‍ഡ് 18ല്‍ 13 പേരും വാര്‍ഡ് ഒമ്പതില്‍ 12 പേരും വാര്‍ഡ് ഏഴില്‍ ആറുപേരും വാര്‍ഡ് 19ല്‍ രണ്ടുപേരും വാര്‍ഡ് എട്ട്, വാര്‍ഡ് 20, വാര്‍ഡ് ആറ്, എസ്.എസ്.ബി. വാര്‍ഡ് ആറ്, എന്നിവയില്‍ ഓരോരുത്തരുമാണ് ചികിത്സയിലുള്ളത്. വാര്‍ഡുകളില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. അനസ്തേഷ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്സ്, പ്ളാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്താല്‍മോളജി, ഇ.എന്‍.ടി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരും ഡല്‍ഹിയിലെ എയിംസ്, റാം മനോഹര്‍ ലോഹ്യ, സഫ്ദര്‍ ജങ് തുടങ്ങിയ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരും സംയുക്തമായാണ് ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, എയിംസിലെ ഡോ. കപില്‍ദേപ് സോണി, ഡോ. ഉജ്ജ്വല്‍, സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍ ട്രോമ ആന്‍ഡ് ബേണ്‍സ് ഡോ. പ്രേംലാല്‍, പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. കോമള റാണി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഉഷാദേവി, സര്‍ജറി വിഭാഗം മേധാവി ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.