തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ചെല്ലഞ്ചി നിവാസികള്‍

പാലോട്: നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് ചെല്ലഞ്ചിയിലെ ഒരു സംഘം കര്‍ഷകര്‍. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന സമയത്ത് തറക്കല്ലിട്ട ചെല്ലഞ്ചി പാലത്തിന് ഭൂമി വിട്ടുകൊടുത്തവരാണ് ഇവര്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലം പണി ഇഴഞ്ഞുനീങ്ങുന്നു. ഭൂമി വിട്ടുകൊടുത്തവര്‍ക്കാകട്ടെ ഇതുവരെ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടുമില്ല. വാമനപുരം നദിക്ക് കുറുകെ ചെല്ലഞ്ചി കടവില്‍ പാലം വരുന്നതിന്‍െറ സന്തോഷത്തിലാണ് പ്രദേശത്തെ 42 കര്‍ഷകര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയാറായത്. വെറ്റിലക്കൊടിയും പച്ചക്കറിയിനങ്ങളും തെങ്ങുകളുമടക്കം മികച്ച വിളവ് ലഭിച്ചിരുന്ന കൃഷിയിടങ്ങളായിരുന്നു പലതും. എല്ലാവരില്‍നിന്നുമായി അഞ്ചര ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ ഏറ്റെടുത്തത്. വിവിധ സ്ളാബുകളായി തിരിച്ച് വില നിശ്ചയിച്ച ഭൂമിക്ക് ആകെ 1.92 കോടി അനുവദിച്ചതായ അറിവുമാത്രമേ കര്‍ഷകര്‍ക്കുള്ളൂ. ഭൂമി വിട്ടുകൊടുത്തവരെല്ലാം പ്രമാണങ്ങള്‍ പാലത്തിന്‍െറ നിര്‍മാണച്ചുമതലയുള്ള പൊതുമരാമത്ത് വകുപ്പിനെ ഏല്‍പിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ഭൂമി പൂര്‍ണമായും നഷ്ടപ്പെടുന്നത്. ബാക്കിയുള്ളവര്‍ക്കാകട്ടെ കൈവശമുള്ള ഭൂമിക്കുപോലും രേഖയില്ലാത്ത അവസ്ഥയാണ്. ഇതുമൂലം കാര്‍ഷിക വായ്പകളോ ഇടപാടുകളോ നടത്താനാവാത്ത സ്ഥിതിയും. 2013ല്‍ അവസാനിക്കേണ്ടിയിരുന്ന പാലത്തിന്‍െറ പണി ഇപ്പോഴും തുടരുകയാണ്. ഏറ്റെടുത്ത കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും ഉപകരാര്‍ നല്‍കിയ ആളുമായുള്ള തര്‍ക്കത്തത്തെുടര്‍ന്ന് മൂന്നുവര്‍ഷം പണി നിര്‍ത്തിവെച്ചിരുന്നു. സമരങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ശേഷം പരിഷ്കരിച്ച എസ്റ്റിമേറ്റുമായി ഏതാനും മാസംമുമ്പാണ് പണി പുനരാരംഭിച്ചത്. ഇതാകട്ടെ മന്ദഗതിയിലും. പാലവുമില്ല, ഭൂമിയുമില്ല, പണവുമില്ല എന്ന അവസ്ഥയിലാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ചെല്ലഞ്ചിവാസികള്‍ ഒരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.