എക്സ്പ്ളോസിവ് സ്പെഷല്‍ സെല്‍ പ്രവര്‍ത്തനം അവതാളത്തില്‍

തിരുവനന്തപുരം: പടക്കശാലകള്‍ നിയന്ത്രിക്കാനും അനധികൃത സ്ഫോടകശേഖരം പിടികൂടുന്നതിനുമായി പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ച എക്സ്പ്ളോസിവ് സ്പെഷല്‍ സെല്ലിന്‍െറ പ്രവര്‍ത്തനം അവതാളത്തില്‍. ഓരോ സ്റ്റേഷന്‍ പരിധിയിലും എസ്.ഐമാരുടെ നേതൃത്വത്തില്‍ കാര്യമായ അന്വേഷണവും പരിശോധനയും ഉണ്ടാകാത്തതും മേല്‍നോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യമായ റിപ്പോര്‍ട്ട് ആവശ്യപ്പെടാത്തതുമാണ് സെല്ലിന്‍െറ പ്രവര്‍ത്തനത്തെ താളംതെറ്റിച്ചത്. അനധികൃത പടക്കശാലകള്‍ വര്‍ധിക്കുന്നെന്നും ചെക്പോസ്റ്റുകള്‍ വഴി സ്ഫോടകവസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്നുമുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എക്സ്പ്ളോസിവ് ആക്ടിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തി 2011ല്‍ പൊലീസ് ആസ്ഥാനത്ത് സ്പെഷല്‍ സെല്‍ (എക്സ്പ്ളോസിവ്) രൂപവത്കൃതമായത്. മാസംതോറും ഓരോ സ്റ്റേഷന്‍ പരിധിയിലെയും പടക്കശാലകള്‍ കേന്ദ്രീകരിച്ച് എസ്.ഐമാര്‍ പരിശോധന നടത്തണമെന്നും ഇവയുടെ എണ്ണം, നടത്തുന്നവരുടെ പേര്, ലൈസന്‍സിന്‍െറ കാലാവധി, പടക്കം സൂക്ഷിക്കുന്ന സ്ഥലവും അതിന് ചുറ്റുമുള്ളവരുടെ സുരക്ഷ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നുമാസം കൂടുമ്പോള്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് സമര്‍പ്പിക്കണമെന്നുമായിരുന്നു നിര്‍ദേശം. ഈ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവികള്‍ സ്പെഷല്‍ സെല്ലിലേക്ക് നല്‍കണമെന്നും ഇന്‍റലിജന്‍സ് എ.ഡി.ജി.പി പരിശോധിച്ചശേഷം ഡി.ജി.പിക്ക് കൈമാറണമെന്നുമായിരുന്നു ചട്ടം. എന്നാല്‍, രണ്ടുവര്‍ഷമായി ഈ നിര്‍ദേശങ്ങളൊക്കെ പേരിനുമാത്രമായി. സംസ്ഥാനത്തെ പല ഉദ്യോഗസ്ഥര്‍ക്കും പണപ്പിരിവിനുള്ള അവസരമായി സര്‍ക്കുലര്‍ മാറി. ഇതോടെ തെറ്റായ വിവരങ്ങള്‍ മാത്രമാണ് പല സ്റ്റേഷനില്‍നിന്നും ജില്ലാ പൊലീസ് മേധാവികള്‍ക്കും അവിടെനിന്ന് സ്പെഷല്‍ സെല്ലിലേക്കും ലഭിക്കുന്നത്. മാസങ്ങളായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാത്ത സ്റ്റേഷനുകളുമുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗം പടക്കലൈസന്‍സുകാരില്‍നിന്ന് കൈക്കൂലി കൈപ്പറ്റുന്നുണ്ടെന്ന് ഇന്‍റലിജന്‍സ് വിഭാഗം ഡി.ജി.പി ടി.പി. സെന്‍കുമാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. ഒരു വര്‍ഷത്തിനിടക്ക് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അപകടകരമായ പടക്കശേഖരം കണ്ടത്തൊനായില്ളെന്ന റിപ്പോര്‍ട്ടുകളാണ് സ്പെഷല്‍ സെല്ലിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍, പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ആറ്റിങ്ങല്‍, കഴക്കൂട്ടം മേഖലകളില്‍നിന്നുമാത്രം സ്ഫോടകവസ്തുക്കളുടെ വന്‍ ശേഖരമാണ് പിടിച്ചത്. 15 കിലോ മാത്രം സൂക്ഷിക്കാന്‍ ലൈസന്‍സുള്ള ആറ്റിങ്ങലിലെ ഒരു വ്യാപാരിയില്‍നിന്ന് 150 കിലോയോളം സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ദുരന്തത്തിനുശേഷമാണ് വെട്ടിക്കെട്ട് കരാറുകാരിലൊരാളായ സുരേന്ദ്രന്‍െറ വീട്ടില്‍നിന്ന് അനധികൃത പടക്കശേഖരങ്ങള്‍ പൊലീസ് പിടികൂടുന്നതും കേസെടുക്കുന്നതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.