ആശ്വാസമേകാന്‍ ഏകോപിതനീക്കം

തിരുവനന്തപുരം: വന്‍ദുരന്തത്തിന്‍െറ ആഘാതത്തില്‍ ഞെട്ടിത്തരിച്ച് കേരളം. നൂറിലേറെ പേരുടെ മരണം, 350 ലേറെ പേര്‍ക്ക് പരിക്ക്, ഒരു പ്രദേശത്തെയാകെ തരിപ്പണമാക്കിയ ദുരന്തം കേരളത്തിന് താങ്ങാവുന്നതിലുമധികമായി. അലമുറയിട്ട് ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും പാഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും അതില്‍ ഉള്‍പ്പെട്ടോ എന്ന ആശങ്കയായിരുന്നു പല കുടുംബങ്ങളിലും. പലരുടെയും പ്രതീക്ഷകളും ചാമ്പലായി. കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം കേരളത്തിനും രാജ്യത്തിനാകെയും മറ്റൊരു കറുത്ത ഞായറായി. ഇത്രയും വലിയ ദുരന്തമുഖത്ത് എല്ലാം മറന്ന് ഒറ്റക്കെട്ടായി നാടും നാട്ടുകാരും നിലകൊണ്ടു. ആദ്യം നാട്ടുകാരും പിന്നെ പൊലീസും ഫയര്‍ഫോഴ്സുമൊക്കെ അഹോരാത്രം രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രികളിലത്തെിക്കാന്‍ സര്‍വതും മറന്ന് തോളോടുതോള്‍ചേര്‍ന്നു. സംസ്ഥാനസര്‍ക്കാറിനൊപ്പം സഹായവുമായി കേന്ദ്രസര്‍ക്കാറും രംഗത്തുവന്നു. മികച്ച ഏകോപനമാണ് ഇക്കാര്യത്തിലുണ്ടായത്. അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും ഡോക്ടര്‍മാരെ അയച്ചും മരുന്നും രക്തവും എത്തിച്ചും കേരളത്തിന് ആശ്വാസം പകര്‍ന്നു. ഡല്‍ഹിയിലെ എയിംസില്‍ നിന്നടക്കം വിദഗ്ധഡോക്ടര്‍മാരുടെ സംഘവും സഹായവുമായി എത്തി. പൊള്ളല്‍ ചികിത്സാ വിദഗ്ധര്‍, അണുബാധ നിയന്ത്രണത്തിലെ വിദഗ്ധര്‍ എന്നിവരൊക്കെ 50 ഓളം വരുന്ന ഈ സംഘത്തിലുണ്ട്. സംസ്ഥാനരാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടില്‍ തിളച്ചുമറിയുമ്പോഴാണ് കേരളത്തെയാകെ ഞെട്ടിച്ച ദുരന്തം വരുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തം നേരിടാന്‍ സജീവ ഇടപെടലാണ് വിവിധ തലങ്ങളില്‍ നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണില്‍ ആശയവിനിമയം നടത്തി. പരിക്കേറ്റവരെ വിദഗ്ധചികിത്സക്ക് കൊണ്ടു പോകാന്‍ ഹെലികോപ്ടറുകളും മറ്റ് സൗകര്യങ്ങളും നാവികസേന ഒരുക്കി. വ്യോമസേനയുടെ പത്തോളം ഹെലികോപ്ടറുകളാണ് സര്‍വിസ് നടത്തിയത്. എയര്‍ ആംബുലന്‍സായാണ് ഇവ ഉപയോഗപ്പെടുത്തിയത്. ആര്‍ക്കോണത്തുനിന്ന് ദേശീയ ദുരന്ത നിവാരണ സേനയും ഹെലികോപ്ടറിലാണ് എത്തിയത്. എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും അവധി മാറ്റിവെച്ച് ദുരന്തത്തില്‍പെട്ടവരെ സഹായിക്കാനത്തെി. ദുരന്തത്തിന് ആശ്വാസം നല്‍കാനുള്ള നടപടികളെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി കമീഷനോട് അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഇത് കമീഷന്‍ തത്ത്വത്തില്‍ അംഗീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ഏകോപിത സംവിധാനങ്ങള്‍ കൈക്കൊണ്ടു. ഡി.ജി.പിയും ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലത്ത് തമ്പടിച്ചു. ദുരന്തത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ കേരളത്തിലേക്ക് ഓടിയത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.