പ്രതിരോധം തീര്‍ത്ത് റെസിഡന്‍റ്സ് അസോസിയേഷനുകള്‍

തിരുവനന്തപുരം: ലഹരി മാഫിയയുടെ പിടിയിലായ മുട്ടത്തറിയില്‍ പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് റെസിഡന്‍റ്സ് അസോസിയേഷനുകള്‍. മദ്യവും മയക്കുമരുന്നും കൂടാതെ, കഞ്ചാവ് ഉള്‍പ്പെടെ ലഹരി ഉല്‍പന്നങ്ങളും യഥേഷ്ടം ലഭിക്കുന്ന മുട്ടത്തറ സാമൂഹികവിരുദ്ധരുടെ താവളമാണ്. വര്‍ഷങ്ങളായി തുടരുന്ന ലഹരി മാഫിയയുടെ പ്രവര്‍ത്തനം തടയാന്‍ പല നടപടികളും നാട്ടുകാര്‍ സ്വീകരിച്ചെങ്കിലും ഫലം കാണാനായില്ല. പൊലീസ്, എക്സൈസ് വിഭാഗങ്ങള്‍ക്കും ഇവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ കഴിഞ്ഞിട്ടില്ല. എയര്‍പോര്‍ട്ട് കോമ്പൗണ്ട്, മാര്‍ക്കറ്റുകള്‍, ആളൊഴിഞ്ഞ ഭാഗങ്ങള്‍, ഉത്സവ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളാണ് സംഘങ്ങളുടെ താവളം. രാപ്പകല്‍ വ്യത്യാസമില്ലാതെ കച്ചവടം തകര്‍ക്കുന്ന ഇവിടേക്ക് ലഹരി തേടി വിവിധ സ്ഥലങ്ങളില്‍നിന്ന് യുവാക്കള്‍ എത്തുന്നതായി നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ഥികളെയും ഇവര്‍ വലയിലാക്കുന്നു. വടുവൊത്ത് ഉള്‍പ്പെടെ ഭാഗങ്ങളില്‍ ലഹരി വില്‍പനക്കെതിരെ അടുത്തിടെ പോസ്റ്ററുകള്‍ നിരത്തി ഒരു വിഭാഗം യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു. മഹാത്മ റെസിഡന്‍റ്സ് അസോസിയേഷന്‍ ലഹരിവിരുദ്ധ ജനകീയസദസ്സ് ഒരുക്കിയാണ് പ്രതിരോധം തീര്‍ക്കുന്നത്. ഫോര്‍ട്ട് ജനമൈത്രി പൊലീസുമായി സഹകരിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടത്തുന്ന ചടങ്ങില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ റെസിഡന്‍റ്സ് അസോസിയേഷന്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.