തെരുവുവിളക്കും മാലിന്യവും; ആരോപണവുമായി കൗണ്‍സിലര്‍മാര്‍

തിരുവനന്തപുരം: തെരുവുവിളക്കുകള്‍ കത്തിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ ആരോപണവുമായി കൗണ്‍സിലര്‍മാര്‍. ഇവ നിരന്തരം കേടാകുന്നത് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലെ ഒത്തുകളിയാണെന്നും അത് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. നീണ്ട ഇടവേളക്ക് ശേഷം ബഹളമോ കൈയാങ്കളിയോ ഇല്ലാതെ തെരുവുവിളക്കിന് പുറമെ മാലിന്യ പ്രശ്നവും അനധികൃത അറവുശാലകളുടെ കാര്യവും ഉള്‍പ്പെടെ ജനകീയ പ്രശ്നങ്ങള്‍ കൗണ്‍സിലര്‍മാര്‍ ചര്‍ച്ചചെയ്തു. തെരുവുവിളക്ക് കത്തിക്കാന്‍ 57 ലക്ഷം രൂപയിലധികം വൈദ്യുതി ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. എന്നാല്‍, അന്വേഷിച്ച് ചെല്ലുന്ന കൗണ്‍സിലര്‍മാരോട് പണം ലഭിച്ചിട്ടില്ളെന്നും മറ്റുമുള്ള ന്യായങ്ങള്‍ പറയുകയാണ്. ഇതിനു പരിഹാരം കാണാന്‍ മേയര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് പാളയം രാജന്‍ ആവശ്യപ്പെട്ടു. തെരുവുവിളക്കുകള്‍ കത്തിക്കുന്ന കാര്യത്തില്‍ പുതിയ ഭരണസമിതി മുന്തിയ പ്രധാന്യം നല്‍കുന്നുണ്ടെന്നും 100 വാര്‍ഡുകളിലെ 85 ശതമാനം വിളക്കുകളും കത്തുന്നുണ്ടെന്നും മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. ഐ.എസ്.ഐ മുദ്രയുള്ള സാധനങ്ങളാണ് കോര്‍പറേഷന്‍ വാങ്ങി നല്‍കുന്നത്. വിഷയത്തില്‍ ഉദ്യോഗസ്ഥ യോഗം വിളിക്കാമെന്നും മേയര്‍ പറഞ്ഞു. പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതും മാലിന്യം കുന്നുകൂടിക്കിടക്കുന്നതും കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു. കുന്നുകുഴി അറവുശാല നവീകരിക്കാന്‍ അനുമതി ലഭിച്ചതായും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ളെന്നും മേയര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ ജോണ്‍സണ്‍ ജോസഫ്, എസ്.കെ.പി. രമേഷ് തുടങ്ങിയവരാണ് അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. അറവുശാലകളിലെ മാലിന്യം സംസ്കരിക്കാന്‍ കോര്‍പറേഷന്‍ വക അംഗീകൃത ഏജന്‍സി ഉണ്ടെന്നും സംസ്കരണത്തിന് അവരെ സമീപിക്കാമെന്നും മേയര്‍ പറഞ്ഞു. സര്‍ക്കാറിന്‍െറ പ്രത്യേക സാമ്പത്തിക സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് അറവുശാലക്കുള്ള അപേക്ഷ നല്‍കിയത്. 22 കോടി രൂപ മുടക്കിയാണ് കുന്നുകുഴിയിലെ അറവുശാല നവീകരിക്കാന്‍ കോര്‍പറേഷന്‍ തയാറെടുക്കുന്നതെന്നും മേയര്‍ പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം മുച്ചക്രവാഹനത്തില്‍ ഐസ്ക്രീം കച്ചവടം നടത്തി വന്ന അംഗപരിമിതക്ക് ഐസ്ക്രീം വില്‍പന നടത്താന്‍ സ്ഥലം അനുവദിച്ച് നല്‍കാന്‍ തീരുമാനമായി. കൗണ്‍സിലര്‍മാരായ എം.ആര്‍. ഗോപകുമാര്‍, ഡോ. വിജയലക്ഷ്മി, കരമന അജിത്ത്, മേടയില്‍ വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സ്ഥിരംസമിതികള്‍ പാസാക്കിയ വിഷയങ്ങളും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.