സാക്ഷാത്കാരത്തിലെ അന്തേവാസികള്‍ക്ക് വിഷുക്കൈനീട്ടമായി പുതിയ കെട്ടിടം

തിരുവനന്തപുരം: നഗരസഭയുടെ കീഴില്‍ ശ്രീവരാഹം കൊത്തളത്ത് പ്രവര്‍ത്തിക്കുന്ന അന്തേവാസികള്‍ക്ക് തീരാദുരിതത്തില്‍നിന്ന് മോചനമാകുന്നു. നഗരത്തിലെ ഭിക്ഷാടനം തടയാനായാണ് 15 വര്‍ഷം മുമ്പ് നഗരസഭ കേന്ദ്രം തുടങ്ങിയത്. എന്നാല്‍, സ്ഥലപരിമിതി മൂലം ഇവിടെ എത്തിക്കുന്ന അന്തേവാസികള്‍ക്ക് ജീവിതം കൂടുതല്‍ ദുരിതമായി. വൃദ്ധരും മനോരോഗികളുമായ അന്തേവാസികളാണ് ഇതോടെ ഏറെ പ്രയാസത്തിലായത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ പുതിയ ആസ്ഥാനം കണ്ടത്തൊന്‍ നഗരസഭ നടപടിയെടുത്തു. അമ്പലത്തറ കല്ലടിമുഖത്ത് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിതെങ്കിലും വര്‍ഷങ്ങളായി നോക്കുകുത്തിയായി കിടന്നു. വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ കാട്ടിയ അലംഭാവമായിരുന്നു കാരണം. ഇതിനെതിരെയും പ്രതിഷേധവും നിയമനടപടികളും ഉണ്ടായി. ഇതോടെയാണ് എത്രയും വേഗം കെട്ടിടം കൈമാറാന്‍ തീരുമാനിച്ചത്. വിഷുദിനമായ 14ന് കൊത്തളത്തുനിന്ന് അന്തേവാസികളെ ഇവിടേക്ക് മാറ്റും. 34 പേരാണ് ഇപ്പോഴുള്ളത്. നൂറോളം പേര്‍ക്ക് താമസിക്കാന്‍ സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്. ഇതിന് മുന്നോടിയായി മേയര്‍ വി.കെ. പ്രശാന്ത് ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിച്ചു. എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി മേയര്‍ അറിയിച്ചു. തെരഞ്ഞെടുപ്പായതിനാല്‍ ആഘോഷങ്ങള്‍ ഇല്ലാതെയാകും ഉദ്ഘാടനം. ദുരിതത്തില്‍നിന്ന് മോചനമായി പുതിയ കെട്ടിടത്തില്‍ തലചായ്ക്കാമെന്ന സന്തോഷത്തിലാണ് അന്തേവാസികളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.