തോടുകളില്‍ മാലിന്യമിട്ടാല്‍ നടപടി –കലക്ടര്‍

തിരുവനന്തപുരം: ഓപറേഷന്‍ അനന്ത പദ്ധതി വഴി വൃത്തിയാക്കിയ ചെങ്കല്‍ചൂള-തമ്പാനൂര്‍ തോട് ഉള്‍പ്പെടെയുള്ളവയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കും നീരൊഴുക്ക് തടസ്സപ്പെടുത്തുന്നവര്‍ക്കുമെതിരെ പിഴയിടുന്നതടക്കമുള്ള കര്‍ശന നടപടികളെടുക്കാന്‍ ജില്ലാതല ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) യോഗം തീരുമാനിച്ചതായി കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇതിന് മഫ്തി പട്രോളിങ്ങും കാമറ നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. മാലിന്യം തള്ളുന്നത് പിടിക്കപ്പെട്ടാല്‍ ആദ്യതവണ 1000 രൂപ പിഴ ഈടാക്കും. ആവര്‍ത്തിച്ചാല്‍ ഡി.ഡി.എം.എ തീരുമാനിക്കുന്ന തുക പിഴയായും വൃത്തിയാക്കാനുള്ള ചെലവും ഈടാക്കും. പരിസരത്തെ വീടുകളില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ മാലിന്യം തള്ളിയാല്‍ അവിടത്തെ വൈദ്യുതി, ജല കണക്ഷനുകള്‍ വിച്ഛേദിക്കും. പുറത്തുനിന്ന് കാറ്ററിങ് മാലിന്യവും മറ്റും കൊണ്ടുവന്ന് തള്ളുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് നടപടിയെടുക്കും. ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കും. മഫ്തിയില്‍ തോടുകള്‍ക്ക് സമീപം നിരീക്ഷണത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കും. കൂടാതെ, മഫ്തി പൊലീസ് ഉദ്യോഗസ്ഥരും മേഖലയില്‍ സജീവമാകും. മാലിന്യം തള്ളുന്നത് കൃത്യമായ തെളിവോ വാഹനത്തിന്‍െറ ഫോട്ടോയോ സഹിതം അറിയിക്കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കും. ഫോട്ടോയും വിവരങ്ങളും കലക്ടറുടെ മൊബൈല്‍ നമ്പറായ 9447700222 ലേക്ക് വാട്സ്ആപ് ചെയ്യാം. രണ്ടുതവണയില്‍ കൂടുതല്‍ കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ ‘കാപ്പ’ നിയമം ഉള്‍പ്പെടെ ചുമത്തും. മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ ഈമാസം അഞ്ചിന് വൈകീട്ട് 6.30ന് ചെങ്കല്‍ചൂള കമ്യൂണിറ്റി ഹാളില്‍ സര്‍വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചു. മാലിന്യം തള്ളുന്നവരെ കണ്ടത്തൊന്‍ കോര്‍പറേഷന്‍െറ ഓവര്‍ബ്രിഡ്ജിലെ കണ്‍ട്രോള്‍ റൂമില്‍ മുഴുവന്‍ സമയ സംവിധാനം ഏര്‍പ്പെടുത്തും. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ ഇവിടെ നിരീക്ഷിക്കാനും നടപടിയെടുക്കാനും കൂടുതല്‍ ജീവനക്കാരെയും പോലീസുകാരെയും നിയോഗിക്കും. ഓപറേഷന്‍ അനന്ത പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. കെ.എസ്.യു.ഡി.പിയുടെ നിലവിലെ കരാര്‍ പ്രകാരം മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു. ഇതിന് വിവിധ വകുപ്പുകളുടെ പദ്ധതികള്‍ അടിയന്തരമായി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.