കരുംകുളത്ത് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താലാചരിച്ചു

പൂവാര്‍: വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ കരുംകുളം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നെന്നാരോപിച്ച് തിങ്കളാഴ്ച കരുംകുളത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. അതിരാവിലെ മുതല്‍തന്നെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി തീരദേശ റോഡിലത്തെി. റോഡില്‍ തടസ്സങ്ങളുണ്ടാക്കിയും ഭക്ഷണം പാകം ചെയ്തുമായിരുന്നു സമരം. യുവാക്കള്‍ ബാന്‍ഡ് കൊട്ടിയും നൃത്തം ചവിട്ടിയും സമരത്തെ ആഘോഷമാക്കി. ഇതു വൈകീട്ടു വരെ തുടര്‍ന്നു. മുഴുവന്‍ സമയവും വിഴിഞ്ഞം പൂവാര്‍ റോഡിലെ ഗതാഗതം സ്തംഭിപ്പിച്ചു. ഇരുചക്ര വാഹനങ്ങളെ പോലും കടത്തി വിട്ടില്ല. പൂവാറില്‍നിന്ന് കാഞ്ഞിരംകുളം വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്. കെ.എസ്.ആര്‍.ടി.സി പൂവാര്‍ ഡിപ്പോയില്‍നിന്ന് വിഴിഞ്ഞത്തേക്കുള്ള ബസുകള്‍ വൈകീട്ട് ആറു വരെ സര്‍വിസ് നടത്തിയില്ല. ഇതോടെ കൊച്ചുപള്ളിക്കും കല്ലുമുക്കിനും ഇടക്കുള്ള ഗതാഗതം മുടങ്ങി. ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച കടലില്‍പോകാതെ വള്ളങ്ങള്‍ ഒതുക്കിയിട്ടു. ഉച്ചയോടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും അധികൃതര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും അറിയിപ്പുവന്നു. ഹര്‍ത്താല്‍ പിന്‍വലിച്ചതായും അറിയിച്ചു. എന്നാല്‍, നാട്ടുകാര്‍ പിരിഞ്ഞു പോയില്ല. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഹര്‍ത്താലില്‍നിന്ന് വിട്ടുനിന്നു. വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ കരുംകുളത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍. കരുകുളത്ത് പൊലീസ് ശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു. ഗതാഗത തടസ്സം ഉണ്ടാക്കിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.