സ്ഥാനാര്‍ഥി സാധ്യതകള്‍ തെളിയുന്നു; പ്രഖ്യാപനങ്ങള്‍ ഉടന്‍

തിരുവനന്തപുരം: നറുക്കെടുപ്പ് പൂര്‍ത്തിയാക്കി വാര്‍ഡ് വിഭജനത്തിന്‍െറ ചിത്രം തെളിഞ്ഞതോടെ മത്സരരംഗത്തേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക തെളിഞ്ഞു. പ്രധാനമുന്നണികളായ യു.ഡി.എഫിനും എല്‍.ഡി.എഫിനുമൊപ്പം ഇത്തവണ ബി.ജെ.പിയും 100 വാര്‍ഡുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തും. നിലവിലെ കൗണ്‍സിലര്‍മാരില്‍ കുറച്ചുപേര്‍ മാറിനില്‍ക്കും. പ്രധാനവ്യക്തികള്‍ മത്സരരംഗത്ത് വീണ്ടും ഉണ്ടാവും എന്നുതന്നെ ഉറപ്പിക്കാം. രണ്ടുതവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തുമെന്നാണ് സി.പി.എം നിലപാട്. ഇതിനാല്‍ കൂടുതലായി പുതുമുഖങ്ങളെയാവും ഇത്തവണ പരിഗണിക്കുക. മൂന്നുതവണ സ്ഥിരംമത്സരിച്ചവരെയും മാറിമാറി ബന്ധുക്കള്‍ മത്സരിപ്പിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കില്ളെന്ന് കെ.പി.സി.സി നേതൃത്വവും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മേയര്‍ കെ. ചന്ദ്രിക, ഡെപ്യൂട്ടിമേയര്‍ ജി. ഹാപ്പികുമാര്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ജോണ്‍സണ്‍ ജോസഫ്, പി. അശോക്കുമാര്‍ സ്ഥിരംസമിതി അധ്യക്ഷരായ ഷാജിത നാസര്‍, പാളയം രാജന്‍, എസ്. പുഷ്പലത, വി.എസ്. പത്മകുമാര്‍, വനജ രാജേന്ദ്രബാബു, പി. ശ്യാംകുമാര്‍, കെ.എസ്. ഷീല എന്നിവര്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. എന്നാല്‍, പാര്‍ട്ടി നിലപാടുകള്‍ക്ക് വഴങ്ങി മേയര്‍ ചന്ദ്രികയും ഹാപ്പികുമാറും മത്സരരംഗത്തുനിന്ന് ഒഴിഞ്ഞു നിന്നേക്കും. അതേസമയം, മത്സരരംഗത്തേക്കില്ളെന്ന് ഇരുവരും പറയുന്നുണ്ടെങ്കിലും രണ്ടുപേര്‍ക്കും സുരക്ഷിത വാര്‍ഡുകള്‍ ഉണ്ടെന്നതും വിസ്മരിക്കാനാവില്ല. വികസന സ്ഥിരംസമിതി അധ്യക്ഷ ഷാജിത നാസര്‍ വിജയിച്ച വള്ളക്കടവ് വാര്‍ഡും വനിതാ വാര്‍ഡായി. പാര്‍ട്ടി നിബന്ധനയില്‍ ഇളവ് വരുത്തിയാല്‍ ഇക്കുറിയും ഷാജിതക്ക് വള്ളക്കടവില്‍ മത്സരിക്കാം. മരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി.എസ്. പത്മകുമാര്‍ മത്സരിച്ച് വിജയിച്ച ഇടവക്കോട് ഇപ്പോള്‍ വനിതാ വാര്‍ഡായെങ്കിലും സമീപത്തെ വാര്‍ഡില്‍ മത്സരിക്കുന്നതിന് തടസ്സമില്ല. ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ എസ്. പുഷ്പലത പല ഘട്ടങ്ങളിലായി മൂന്ന് തവണ മത്സരിച്ച് ജയിച്ച നെടുങ്കാട് വാര്‍ഡ് ഇക്കുറി വനിതവാര്‍ഡായതിനാല്‍ തുടര്‍ച്ചയായി മത്സര രംഗത്തില്ളെന്നത് പുഷ്പലതക്ക് തുണയായേക്കും. ആര്‍.എസ്.പി സീറ്റില്‍ കുറവന്‍കോണത്തുനിന്ന് മത്സരിച്ച് ജയിച്ച നികുതി അപ്പീല്‍ കാര്യ അധ്യക്ഷന്‍ പി. ശ്യാംകുമാറിന് സുരക്ഷിത സീറ്റ് നഷ്ടമായി. മാത്രമല്ല, ആര്‍.എസ്.പി ഇത്തവണ മത്സരിക്കുന്നത് യു.ഡി.എഫിനൊപ്പമായിരിക്കും. കോണ്‍ഗ്രസ് -എസ് പ്രതിനിധിയായ പാളയം രാജന്‍, പാളയം വിട്ട് നന്തന്‍കോട്ട് മത്സരിക്കാനാണ് സാധ്യത. യു.ഡി.എഫ് നേതാവ് ജോണ്‍സണ്‍ ജോസഫ് നാലാഞ്ചിറ, ഉള്ളൂര്‍ വാര്‍ഡുകള്‍ മാറിമാറിയാണ് മത്സരിച്ചിരുന്നത്. നിലവില്‍ ജോണ്‍സണിന് തുണയായി ഉള്ളൂരുണ്ട്. പൂജപ്പുര വനിതാ വാര്‍ഡായതിനാല്‍ മഹേശ്വരന്‍നായര്‍ തൊട്ടടുത്ത സുരക്ഷിത ലാവണം തേടും. അമ്പലത്തറയില്‍നിന്ന് വിജിയിച്ച മുജീബ് റഹ്മാന്‍ കമലേശ്വരത്തും വലിയതുറനിന്ന് വിജയിച്ച ടോണി ഒളിവര്‍ ബീമാപള്ളിയില്‍നിന്ന് മത്സരിക്കാനുള്ള സാധ്യത. ലീഗിന്‍െറ സീറ്റായ ബീമാപള്ളിയില്‍, സ്ഥിരം തോല്‍വി പാര്‍ട്ടിക്ക് നേരിടേണ്ടി വന്നതിനാലാണ് ഇപ്രകാരമൊരു തീരുമാനമത്രേ. ബീമാപള്ളി ഈസ്റ്റും ബീമാപള്ളിയുമാണ് ലീഗിന്‍െറ സീറ്റുകള്‍. ബീമാപളളിയില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ മറ്റേതെങ്കിലും സാധ്യതാവാര്‍ഡ് ലീഗിന് നല്‍കിയേക്കും. ബി.ജെ.പിയിലെ ആറ് പേരും വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന് പാര്‍ട്ടി നേതൃത്വം ഇതിനോടകം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.