തിരുവനന്തപുരം: 20 വര്‍ഷത്തെ തലസ്ഥാനത്തെ ഗതാഗതവികസനത്തെക്കുറിച്ച് നാറ്റ്പാക് (നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ളാനിങ് ആന്‍ഡ് റിസര്‍ച് സെന്‍റര്‍) സി.എം.പി (കോംപ്രഹെന്‍സീവ് മൊബിലിറ്റി പ്ളാന്‍) റിപ്പോര്‍ട്ട് ഈ ആഴ്ച കേന്ദ്രത്തിന് സമര്‍പ്പിക്കും. വിവിധ ഗതാഗത വികസനപദ്ധതികള്‍ക്ക് കേന്ദ്രഫണ്ട് ലഭിക്കണമെങ്കില്‍ നാറ്റ്പാക്കിന്‍െറ സി.എം.പി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടാകണമെന്നതിനാലാണിത്. ലൈറ്റ് മെട്രോ നിര്‍ദേശത്തിന് പുറമെ റോഡുകളുടെ നവീകരണം ഉള്‍പ്പെടെ 20 വര്‍ഷത്തെ ഗതാഗത ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമഗ്ര റിപ്പോര്‍ട്ടാണ് നാറ്റ്പാക് തയാറാക്കിയിട്ടുള്ളത്. ഷോര്‍ട്ട് ടേം, മീഡിയം ടേം, ലോങ് ടേം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 308 കോടി രൂപ ചെലവാകുന്നതും അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ടതുമായ പദ്ധതികളാണ് ഷോര്‍ട്ട് ടേമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2124 കോടി രൂപ ചെലവാകുന്നതും 10 വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകേണ്ടതുമാണ് മീഡിയം ടേം. 12,378 കോടിയാണ് ലോങ് ടേം പദ്ധതികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 20 വര്‍ഷത്തിനുള്ളിലാണ് ഇവ നടപ്പാവുക. പദ്ധതികള്‍ ക്രോഡീകരിച്ച് നടപ്പാക്കുന്നതിന് കൊച്ചി മെട്രോ പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ മാതൃകയില്‍ ഏജന്‍സി രൂപവത്കരിക്കണമെന്നാണ് ഗതാഗതമേഖലയിലെ വിദഗ്ധര്‍ പറയുന്നത്. നിരവധി ഏജന്‍സികളുമായും പൊതുജനങ്ങളുമായും സര്‍ക്കാര്‍-സര്‍ക്കാറിതര സംഘടനകളുമായും ചര്‍ച്ച ചെയ്താണ് നാറ്റ്പാക് പഠനറിപ്പോര്‍ട്ട് തയാറാക്കിയത്. പി.ഡബ്ള്യു.ഡി, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കേരള റോഡ് ഫണ്ട് ബോര്‍ഡ്, കെ.എസ്.ടി.പി, എന്‍.ഡബ്ള്യു.എ.ഐ, പൊലീസ്, ടൗണ്‍ പ്ളാനിങ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പ്രീമിയര്‍ അക്കാദമിക് ഇന്‍സ്റ്റിറ്റ്യൂഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുമായെല്ലാം ചര്‍ച്ച ചെയ്ത് ഇവരില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങളും പഠന റിപ്പോര്‍ട്ടിലുണ്ട്. റിങ് റോഡുകള്‍ നിര്‍മിച്ച് ഗതാഗതക്കുരുക്ക് കുറേയേറെ ഒഴിവാക്കാനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കഴക്കൂട്ടം മുതല്‍ ഈഞ്ചക്കല്‍വരെ ഇലവേറ്റഡ് കോറിഡോര്‍ നിര്‍മിക്കുക, 226 ബസുകള്‍കൂടി അധികമായി നിരത്തിലിറക്കുക, പ്രധാനപ്പെട്ട ഒമ്പതിടങ്ങളില്‍ ട്രാന്‍സ്പോര്‍ട്ട്, ട്രാന്‍സിറ്റ് മാനേജ്മെന്‍റ് സെന്‍ററുകള്‍ നവീകരിക്കുക, ട്രക്ക് ടെര്‍മിനലുകള്‍, സബര്‍ബന്‍ റെയില്‍ എന്നിവയെല്ലാം നിര്‍ദേശങ്ങളിലുണ്ട്. കൂടുതല്‍ തിരക്കുള്ള സ്ഥലങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതിയാണ് റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരിക്കുന്നത്. പള്ളിപ്പുറം മുതല്‍ നെയ്യാറ്റിന്‍കരവരെയാണ് ലൈറ്റ് റെയില്‍ ശിപാര്‍ശയുള്ളത്. കേശവദാസപുരം-വട്ടപ്പാറ, തമ്പാനൂര്‍-കരകുളം, തമ്പാനൂര്‍-കാട്ടാക്കട എന്നിവിടങ്ങളില്‍ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റമാണ് നിര്‍ദേശിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലങ്ങള്‍, അഞ്ചിടങ്ങളില്‍ സബ്വേകള്‍, തമ്പാനൂര്‍, കിഴക്കേകോട്ട എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളില്‍ സ്കൈ വാക് പാത്തുകള്‍ എന്നിവ നിര്‍മിക്കാനും നിര്‍ദേശമുണ്ട്. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, ഷെയേര്‍ഡ് പാര്‍ക്കിങ്, പെരിഫെറല്‍ പാര്‍ക്കിങ് എന്നിവയും മീഡിയം ടേം പ്രൊപ്പോസലില്‍ ഉള്‍പ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.