വട്ടിയൂര്‍ക്കാവില്‍ മണ്ണ് മാഫിയ വിലസുന്നു

വട്ടിയൂര്‍ക്കാവ്: വയല്‍ നികത്തലിനും അനധികൃത മണ്ണ് കടത്തിനും കര്‍ശന വിലക്കുള്ളപ്പോള്‍ വട്ടിയൂര്‍ക്കാവ് മേഖലയില്‍ മണ്ണ് മാഫിയ സംഘങ്ങള്‍ വ്യാപകം. മണ്ണ് കടത്തല്‍, അനധികൃത വയല്‍ നികത്തല്‍ എന്നിവക്ക് രാഷ്ട്രീയക്കാരുടെയും പൊലീസിന്‍െറയും സഹായമുണ്ടെന്നും ആക്ഷേപമുണ്ട്. പ്രതിഷേധിക്കുന്നവരെ ഗുണ്ടാ സംഘങ്ങള്‍ ആക്രമിക്കുന്നതായും പരാതിയുണ്ട്. മലമുകള്‍, മണലയം, മൂന്നാംമൂട്, പണാങ്കര, കുലശേഖരം, കരിയംകുളം, കൊടുങ്ങാനൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മാഫിയ സംഘങ്ങള്‍ പിടിമുറുക്കിയത്. വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങള്‍ ഉടമസ്ഥരില്‍നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങി മണ്ണിട്ട് നികത്തി ഇരട്ടി വിലയ്ക്ക് വില്‍പന നടത്തുന്ന സംഘങ്ങളുമുണ്ട്. കരമണ്ണ് ഇടിച്ച് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും വില്‍ക്കുന്നതിനും കര്‍ശന നിയന്ത്രണം ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് അട്ടിമറിക്കുകയാണ്. എക്സ്കവേറ്ററുകള്‍, ടിപ്പര്‍ ലോറികള്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍ബാധം പ്രവര്‍ത്തനം നടക്കുന്നത്. മണ്ണ് കടത്തല്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ട്. മണ്ണ് മാഫിയയെ തടയുന്നതില്‍ പൊലീസിന്‍െറ ഭാഗത്ത് വന്‍വീഴ്ചയാണ് വരുത്തുന്നത്. അനധികൃതമായി മണല്‍, കരമണ്ണ് എന്നിവ കടത്തുന്ന വാഹനങ്ങള്‍ തൊണ്ടിസഹിതം പിടിച്ചെടുത്ത് കലക്ടര്‍ അല്ളെങ്കില്‍ ആര്‍.ഡി.ഒക്ക് കൈമാറണം എന്നാണ് നിര്‍ദേശം. അതേസമയം ഇത്തരത്തില്‍ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ സമ്മര്‍ദം കാരണം നിസ്സാര പിഴ ഈടാക്കി വിട്ടുകൊടുക്കയാണത്രെ പതിവ്. ഇവരില്‍നിന്ന് മാസപ്പടി പറ്റുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് വേണ്ട സഹായങ്ങള്‍ നല്‍കുന്നതെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.