ശംഖുംമുഖം: വലിയതുറ കടല്‍പ്പാലത്തില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കപ്പല്‍ ദുരന്തത്തിന് ഇന്നലെ 68 വര്‍ഷം തികഞ്ഞു. 1947 നവംബര്‍ 23 ഞായറാഴ്ച വൈകുന്നേരമാണ് ഒരുനാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കപ്പല്‍ ദുരന്തം നടന്നത്. ദുരന്തം നടന്ന് എഴ് പതിറ്റാണ്ട് അടുക്കാറായിട്ടും അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇന്നും അവ്യക്തമായി തുടരുന്നു. ‘എസ്.എസ്.പണ്ഡിറ്റ്’ എന്ന ചരക്കു കപ്പലാണ് പാലത്തില്‍ ഇടിച്ച് തകര്‍ന്നത്.കപ്പലില്‍ ഉണ്ടായിരുന്നവരും കപ്പല്‍ എത്തുന്നത് കാണാന്‍ പാലത്തില്‍ എത്തിയവരുമാണ് അപകടത്തില്‍പെട്ടത്. 1947 നവംബര്‍ 23ന് വലിയതുറയില്‍ ചരക്ക് കപ്പല്‍ അടുക്കുമെന്ന വിവരത്തെതുടര്‍ന്ന് കപ്പലിനെ സ്വീകരിക്കാന്‍ നാട്ടുകാരും തുറമുഖ തൊഴിലാളികളും കടല്‍പ്പാലത്തില്‍ കാത്തുനില്‍പ് തുടങ്ങി. ഈസമയം കടല്‍പ്പാലം ലക്ഷ്യമാക്കി കുതിച്ചുവന്ന കപ്പല്‍ കടല്‍ത്തിരമാലകള്‍ക്കിടയില്‍ നിയന്ത്രണംവിട്ട് പാലത്തില്‍ വന്നിടിക്കുകയും പാലം നടുവേ മുറിഞ്ഞ് നൂറുക്കണക്കിന് സ്ത്രീകളും കുട്ടികളുമായി കടലില്‍ നിലംപൊത്തുകയും ചെയ്തു. രാത്രി ആയിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അന്നത്തെ പരിമിതമായ സംവിധാനത്തില്‍ കഴിയാതെ പോയി. നാട്ടുകാരും പൊലീസും നാവികരും അപകടത്തില്‍ പെട്ടവര്‍ക്കായി തെരഞ്ഞെങ്കിലും അഞ്ചോളം മൃതദേഹങ്ങളാണ് സര്‍ക്കാര്‍ കണക്കുപ്രകാരം ലഭിച്ചത്. അന്നത്തെ ഇരുമ്പുപാലം തകര്‍ന്നതോടെ നൂറ്റാണ്ടുകളായി വലിയതുറയിലുണ്ടായിരുന്ന കയറ്റിറക്കുമതി സ്തംഭിക്കുകയും കൊച്ചിയിലോട്ട് തിരിയുകയും ചെയ്തു. ശ്രീലങ്കയില്‍നിന്നുള്ള ജാഫ്നാ പുകയിലയുടെ പ്രധാന വാണിജ്യകേന്ദ്രം വലിയതുറയായിരുന്നു. നിലവില്‍ കടല്‍പ്പാലത്തിന്‍െറ തൂണുകള്‍ പലതും തകര്‍ന്നു നിലംപൊത്താറായ അവസ്ഥയിലാണ്. വലിയതുറയില്‍നിന്ന് ലക്ഷദ്വീപ്, മാലി, കൊളംബോ, കൊച്ചി, മുംബൈ തുടങ്ങിയ സ്ഥലത്തിലേക്കുള്ള യാത്രക്കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍നടപടികള്‍ ഇല്ലാതെ പദ്ധതി ഫയലില്‍ ഉറങ്ങുകയാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കാനും പാലത്തിന്‍െറ തകര്‍ന്ന ഭാഗങ്ങള്‍ നവീകരിക്കാനുമുള്ള പദ്ധതികള്‍ തുറമുഖ വകുപ്പ് മുന്നോട്ട് വെച്ചെങ്കിലും തുടര്‍നടപടികള്‍ ഇന്നുംഫയലില്‍ ഉറങ്ങുന്ന അവസ്ഥയാണ്. വശങ്ങളിലെ റെയിലുകള്‍ തകര്‍ന്നിരിക്കുന്നത് കണക്കിലെടുത്ത് പാലത്തിലേക്കുള്ള പ്രവേശനം കലക്ടര്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, നിരോധനം വക വെക്കാതെ സന്ദര്‍ശകര്‍ പാലത്തിലേക്ക് കടക്കുന്ന സാഹചര്യമാണിപ്പോള്‍ ഉള്ളത്. അപകടാവസ്ഥ കണക്കിലെടുത്തും വലിയതുറയെ കൂടുതല്‍ വിനോദസഞ്ചാരയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് തുറമുഖ വകുപ്പ് നവീകരണ പദ്ധതി തയാറാക്കിയത്. 2007ല്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്മെന്‍റ് പാലത്തിന്‍െറ പുനര്‍നിര്‍മാണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.