മെഡിക്കല്‍ കോളജില്‍ വഴിയറിയാതെ തിരിയേണ്ട; പാത്ത്ഫൈന്‍ഡര്‍ സഹായിക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇനി ലാബുകളിലേക്കും ഫാര്‍മസികളിലേക്കുമുള്ള വഴിയന്വേഷിച്ച് അലയേണ്ട. വഴികാട്ടിയായി ടി.എം.സി പാത്ത്ഫൈന്‍ഡര്‍ എന്ന ആപ്ളിക്കേഷന്‍ തയാറായിക്കഴിഞ്ഞു. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 2009 എം.ബി.ബി.എസ് ബാച്ച് വിദ്യാര്‍ഥികളാണ് ആപ് വികസിപ്പിച്ചെടുത്തത്. മെഡിക്കല്‍ കോളജിനെക്കുറിച്ച പ്രസക്ത വിവരങ്ങളടങ്ങിയ ആന്‍ഡ്രോയിഡ് ആപ് ആണ് പാത്ത്ഫൈന്‍ഡര്‍. ഇതിലുള്ള റൂട്ട് മാപ്പിലൂടെ മെഡിക്കല്‍ കോളജിലെ വാര്‍ഡുകള്‍, ലാബുകള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളിലേക്കുള്ള വഴി കണ്ടുപിടിക്കാം. കൂടാതെ വിവിധ ലാബുകളുടെ പ്രവര്‍ത്തനസമയം, പരിശോധനാ നിരക്കുകള്‍, സൗജന്യമായി ലഭിക്കുന്ന മരുന്നുകള്‍, വിവിധ ഫാമസികളിലെ മരുന്നുകളുടെ ലഭ്യത, അവയുടെ നിരക്കുകള്‍ എന്നിവയും ഇതിലൂടെ അറിയാം. ഒ.പി ദിവസങ്ങള്‍, ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ എന്നിവയും ലഭ്യമാണ്. ലാബുകളുടെയും ഫാര്‍മസികളുടെയും ഫോണ്‍ നമ്പറുകളും ഇതിലുണ്ട്. ആര്‍.എസ്.ബി.വൈ, കാരുണ്യ തുടങ്ങിയ ഇന്‍ഷുറന്‍സ് ചികിത്സാ സഹായ പദ്ധതികളെക്കുറിച്ച വിവരങ്ങളും പാത്ത്ഫൈന്‍ഡര്‍ വഴി ലഭിക്കും. ഗൂഗ്ള്‍ പ്ളേ സ്റ്റോറില്‍ ടി.എം.സി പാത്ത്ഫൈന്‍ഡര്‍ (tmc pathfinder) എന്ന് സെര്‍ച് ചെയ്താല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.