വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമായി. ഏങ്ങണ്ടിയൂർ ഏത്തായ് ബീച്ചിന് തെക്കുഭാഗത്തും പൊക്കുളങ്ങര ബീച്ചിന് വടക്കുഭാഗത്തും കടൽക്ഷോഭം കൂടുതൽ ശക്തമായിരിക്കുകയാണ്. വേലിയേറ്റം ശക്തമായതാണ് കടൽക്ഷോഭത്തിന് കാരണമായത്.
പഴയ സാഗർ ക്ലബിന് വടക്കുഭാഗത്ത് തകർന്ന കടൽഭിത്തിക്ക് മുകളിലൂടെ കടൽവെള്ളം കരയിലേക്ക് അടിച്ചുകയറുകയാണ്. സീവാൾ റോഡും കവിഞ്ഞെത്തുന്ന കടൽവെള്ളം നാട്ടുതോടും നിറഞ്ഞതോടെ പ്രദേശത്തെ 35ഒാളം വീടുകൾ വീണ്ടും വെള്ളക്കെട്ടിലായി. പഴയ സാഗർ ക്ലബിന് വടക്കുഭാഗത്ത് കഴിഞ്ഞദിവസം ജിയോ ബാഗ് സ്ഥാപിക്കൽ തുടങ്ങിയിരുന്നു.
വാടാനപ്പള്ളി പൊക്കാഞ്ചേരി മേഖലകളിലും കടൽക്ഷോഭം ശക്തമായി തുടരുകയാണ്. പതിനഞ്ചോളം വീടുകൾ കനത്ത വെള്ളക്കെട്ടിലായി. അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭം പ്രദേശവാസികളെ ദുരിതത്തിലാക്കി. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. തളിക്കുളം ഇടശ്ശേരി, തമ്പാൻകടവ് മേഖലകളിലും കടൽക്ഷോഭം ശക്തമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.