ചാലക്കുടി: നഗരസഭ ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ. 37 വാർഡുകളിൽ 25ഉം പിടിച്ച് അധികാരത്തിൽ തുടരാമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ 22 സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കാമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
ചാലക്കുടിയെ സംബന്ധിച്ച് എൽ.ഡി.എഫും യു.ഡി.എഫും ഏതാണ്ട് തുല്യശക്തികളാണ്. 2020ൽ യു.ഡി.എഫ് സീറ്റുകൾ വാരിക്കൂട്ടിയത് ഒഴിച്ചാൽ മുൻ വർഷങ്ങളിൽ ഏതാനും സീറ്റുകളുടെ വ്യത്യാസത്തിനാണ് മുന്നണികൾ ഭരണം പിടിച്ചെടുക്കാറുള്ളത്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഓരോ തവണയും മാറി മാറി പരീക്ഷിക്കുന്ന പാരമ്പര്യമാണ് ചാലക്കുടി നഗരസഭക്ക് ഉള്ളത്.
മാറി മാറി ഭരിക്കുന്ന ചരിത്രം ചാലക്കുടിയിൽ തിരുത്തുമെന്നും ഭരണ തുടർച്ച ലഭിക്കുമെന്നും യു.ഡി.എഫ് നേതൃത്വം പറയുന്നു. വി.ഒ.പൈലപ്പൻ, ഷിബു വാലപ്പൻ, ബിജു ചിറയത്ത്, ആലിസ് ഷിബു, കെ.വി.പോൾ, സൂസമ്മ ആന്റണി, ജോയ് ചാമവളപ്പിൽ, എം.എം.അനിൽകുമാർ തുടങ്ങി കരുത്തരായ സ്ഥാനാർഥികളാണ് യു.ഡി.എഫിനായി മൽസരിച്ചത്.
എന്നാൽ മുൻകാല ചരിത്രം ആവർത്തിക്കുമെന്നും യു.ഡി.എഫിനെ മലർത്തിയടിച്ച് ഭരണം പിടിക്കുമെന്നും എൽ.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നു. കഴിഞ്ഞ തവണ തങ്ങളുടെ ക്യാമ്പിലെ ചെറിയ ഭിന്നതകളാണ് യു.ഡി.എഫിന് ചരിത്ര വിജയം നേടി കൊടുത്തത്. എന്നാൽ ഇക്കുറി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. സി. എസ്. സുരേഷ്, ഉഷ പരമേശ്വരൻ, ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ, വി.ജെ. ജോജി, വി.ജെ. ജോജു എന്നീ പഴമക്കാർക്കൊപ്പം പുതുമുഖങ്ങളും എൽ.ഡി.എഫിനായി ജനവിധി തേടിയിരുന്നു.
അടിയൊഴുക്കുകൾ ശക്തമായതിനാൽ ബാലറ്റ് മെഷീൻ തുറന്നാൽ മാത്രമേ ചാലക്കുടിയുടെ വോട്ടർമാരുടെ മനസ്സ് വ്യക്തമാകൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ റിസൽട്ട് വച്ച് ഇത്തവണ വിജയം പ്രവചിക്കാനാവില്ല. വാർഡുകളുടെ പുനർനിർണ്ണയം, പുതിയ വോട്ടർമാർ, പഴയ വോട്ടർമാരുടെ മാറിയ സമീപനം ഇതെല്ലാം തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കും. എൽ.ഡി.എഫും യു.ഡി.എഫും കൂടാതെ എൻ.ഡി.എയും ഒരു വാർഡിൽ വിജയികളുടെ ലിസ്റ്റിൽ കയറുമെന്ന സൂചനയുണ്ട്.
മുന്നണി സ്ഥാനാർഥികൾക്കൊപ്പം സ്വതന്ത്രന്മാരും വിമതൻമാരുമൊക്കെ രംഗത്തെത്തിയ ചില വാർഡുകൾ പ്രവചനങ്ങളിൽ അട്ടിമറി സൃഷ്ടിക്കാനുള്ള സാധ്യതയും കണക്കിലെടുക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.