ചാലക്കുടി: നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ നഗരസഭക്കെതിരെ പിഴയീടാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നീക്കം. ആറ് മാസം മുമ്പാണ് ശ്മശാനത്തിന് സമീപത്തെ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പിടിത്തമുണ്ടായത്.
വേനൽക്കാലമായതിനാൽ സംസ്കരണത്തിന് ശേഖരിച്ച ടൺ കണക്കിന് പ്ലാസ്റ്റിക് കത്തി നശിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഞ്ചോളം ഫയർഫോഴ്സ് യൂനിറ്റുകൾ തീയണച്ചത്. ഇത് പ്രദേശത്ത് അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ചിരുന്നു.
തീപിടിത്ത വാർത്തകളെ തുടർന്ന് സംസ്ഥാന മാലിന്യ നിയന്ത്രണ ബോർഡിനോട് ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്ത് വിശദീകരണം തേടിയിരുന്നു. ഇതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. ഖരമാലിന്യം ശേഖരിക്കുന്നതിൽ നഗരസഭക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ.
ഖരമാലിന്യ സംസ്കരണത്തിനായി നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം നഗരസഭക്കെതിരെ നടപടിയെടുക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു. എന്നാൽ നിയമം അനുശാസിക്കുന്ന രീതിയിൽ മാലിന്യശേഖരണം നടത്തുന്നുണ്ടെന്നും കണക്കുകളിൽ പിഴവ് സംഭവിച്ചത് മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർക്കാണെന്നും നഗരസഭ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.