സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ കണ്ണംകുളങ്ങര ആലുംകുളം
തൃശൂർ: കണ്ണംകുളങ്ങര ഡിവിഷനിലെ ആലുംകുളത്ത് അപകടഭീഷണി തുടരുന്നു, അധികൃതരുടെ അവഗണനയും. വർഷങ്ങളായി സംരക്ഷണഭിത്തി ഇടിഞ്ഞുകിടക്കുന്ന കുളം നവീകരിക്കാത്തത് കുട്ടികളടക്കമുള്ളവരുടെ ജീവന് ഭീഷണിയായിട്ടും അധികൃതർ മൗനം തുടരുകയാണ്. കഴിഞ്ഞ കോർപറേഷൻ ഭരണസമിതിയുടെ കാലത്ത് തന്നെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിലും നടപടി കടലാസിലൊതുങ്ങി. തൊട്ടടുത്ത ഇരുനില ഫ്ലാറ്റിലെ താമസക്കാരാണ് കുളത്തിന്റെ ശോച്യാവസ്ഥ മൂലം ഭീതിയുടെ മുൾമുനയിൽ കഴിയുന്നത്.
കുട്ടികൾ മുറ്റത്ത് കളിക്കുന്നതിനിടയിൽ പുറത്ത് റോഡിനോട് ചേർന്നുള്ള മതിലില്ലാത്ത കുളത്തിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. അപകടസാധ്യത എത്രത്തോളമുണ്ടെന്നതിന് തെളിവാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കുളത്തിൽനിന്ന് മൃതദേഹം കണ്ടെടുത്ത സംഭവം. എന്നിട്ടും സുരക്ഷാസംവിധാനങ്ങളൊരുക്കാൻ അധികൃതർ തയാറായിട്ടില്ല. പലതവണയായി കുളത്തിനടുത്തുള്ള ഫ്ലാറ്റിലെ താമസക്കാർ ചേർന്ന് വേലി കെട്ടിയയെങ്കിലും സാമൂഹിക വിരുദ്ധർ അതൊക്കെ തകർക്കുന്ന പതിവാണുള്ളത്.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണസമിതിയിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥലം സന്ദർശിച്ചപ്പോൾ നാട്ടുകാർ തങ്ങളുടെ ആശങ്ക നേരിട്ട് അറിയിച്ചിരുന്നു. വിഷയം ‘ശരിയാക്കാം’ എന്ന പതിവ് പല്ലവിയിൽ ഒതുക്കിയതല്ലാതെ നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കൗൺസിലറെ സമീപിച്ചപ്പോൾ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാൽ അനുവദിച്ചെന്ന് പറയപ്പെടുന്ന തുക എവിടെപ്പോയെന്നോ, നവീകരണ പ്രവർത്തനങ്ങൾ എന്തുകൊണ്ട് നടന്നില്ലെന്നോ ഉള്ള ചോദ്യങ്ങൾക്ക് ഇന്നും ഉത്തരമില്ല.
കുളത്തിനടുത്തുള്ള റോഡിനോട് ചേർന്ന തെരുവുവിളക്കുകൾ മങ്ങി കത്തുന്നതും ആവശ്യത്തിന് വിളക്കുകൾ ഇല്ലാത്തതും അപകടസാധ്യത ഇരട്ടിയാക്കുന്നു. വെളിച്ചമില്ലാത്തതും കാടുപിടിച്ചുകിടക്കുന്നതുമായ കുളത്തിലേക്കുള്ള പടവുകൾ സന്ധ്യ മയങ്ങിയാൽ മദ്യപാനികളുടെയും ലഹരിസംഘങ്ങളുടെയും താവളമാണ്. കുളത്തിന്റെ നിലവിലുള്ള വശങ്ങളിലെ വഴി അടച്ച്, മെയിൻ റോഡിന് അഭിമുഖമായി പുതിയ പ്രവേശനകവാടം നിർമിക്കണമെന്നും, അടിയന്തരമായി മതിൽ കെട്ടിപ്പൊക്കി സുരക്ഷയൊരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.