കുന്നംകുളം: വൈകല്യങ്ങൾക്ക് മുന്നിൽ അടിപതറാതെ മുന്നേറിയ ശ്രീരാഗ് മരണത്തിന് മുന്നിൽ കീഴടങ്ങി. കുന്നംകുളം ഗവ.ബോയ്സ് സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥിയായ ശ്രീരാഗിൻെറ മരണവാർത്ത സഹപാഠികളിലും പൊതുപ്രവർത്തകരിലും ഞെട്ടലുണ്ടാക്കി. ഭിന്നശേഷിക്കാരനായ ശ്രീരാഗ് പഠനത്തിൽ മിടുക്കനായിരുന്നു. രണ്ട് വർഷം മുമ്പ് പിതാവും മരിച്ചതോടെ നിർധനരായ ഈ കുടുംബത്തിലെ വിദ്യാർഥി പഠനത്തിന് പോലും ഏറെ ബുദ്ധിമുട്ടിയായിരുന്നു. ഈ വിവരമറിഞ്ഞ് ഷെയർ ആൻഡ് കെയർ സൊസൈറ്റി ഇലക്ട്രോണിക്സ് വീൽചെയർ സമ്മാനിച്ചു. വീൽചെയർ കൈമാറിയ ചടങ്ങിൽ വിദ്യാർഥികൾ ശേഖരിക്കുന്ന തുകയും, അന്നത്തെ ഡിവൈ.എസ്.പി വിശ്വംഭരൻെറയും സാമ്പത്തിക സഹായത്തോടെ ലാപ്ടോപ്പ് ഓണസമ്മാനമായി നൽകിയിരുന്നു. നമ്പൂതിരി ഫലിതങ്ങൾ, കവിതകൾ എന്നിവയെല്ലാം മനോഹരമായി ചൊല്ലുന്ന ഈ മിടുക്കൻ കവിത ചൊല്ലി ശ്രദ്ധ നേടിയിരുന്നു. ഭിന്നശേഷിക്കാരുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയിരുന്നത് ശ്രീരാഗിൻെറ അമ്മ കോമളവല്ലിയായിരുന്നു. ആറ് മാസം മുമ്പാണ് ഏക സഹോദരി ശ്രീഷയുടെ വിവാഹം നടന്നത്. ഇത്തവണ ഓണസമ്മാനം വാങ്ങാൻ ഭിന്നശേഷിക്കാരായ മറ്റുള്ളവർക്കുമൊപ്പം വീൽചെയറിൽ ശ്രീരാഗും നഗരത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.