പ്രത്യക്ഷ നികുതി കോഡ്​: റിപ്പോർട്ട്​ സമർപ്പിച്ചു

ന്യൂഡൽഹി: 58 വർഷം പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരമുള്ള പ്രത്യക്ഷ നികുതികോഡ് സംബന്ധിച്ച് അഖിലേഷ് രഞ്ജൻെറ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ റിപ്പോർട്ട് ധനമന്ത്രി നിർമല സീതാരാമന് സമർപ്പിച്ചു. കമ്പനികളുടെ ഡിവിഡൻറിന് സ്ഥാപനം തന്നെ നികുതി നൽകണമെന്ന നിലവിലുള്ള നിയമം മാറ്റണമെന്ന് സമിതി നിർദേശിച്ചു. ഡിവിഡൻറ് ലഭിക്കുന്നവരാണ് നികുതി നൽകേണ്ടത്. നികുതി നിയമങ്ങളും നടപടിക്രമങ്ങളും ലളിതമാക്കണം. ഉയർന്ന കോർപറേറ്റ് നികുതിയാണ് സ്വകാര്യ നിേക്ഷപത്തിനും വളർച്ചക്കും പ്രധാന തടസ്സമെന്ന് സമിതി ചൂണ്ടിക്കാട്ടി. വിദേശ കമ്പനികൾക്കുള്ള നികുതി നിയമത്തിൽ മാറ്റം വരുത്തണം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കോർപറേറ്റ് നികുതി കുറച്ചിട്ടുണ്ടെങ്കിലും സെസും സർചാർജും ചുമത്തുകയാണെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ നിർദേശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, കമ്പനികൾക്കുള്ള നികുതി ഘട്ടംഘട്ടമായി കുറച്ച് 25 ശതമാനമാക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. സമ്പത്ത് സൃഷ്ടിക്കുന്നവരെ സർക്കാർ പിന്തുണക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ 250 കോടിവരെ വിറ്റുവരവുള്ളവർക്ക് 25 ശതമാനവും അതിന് മുകളിലുള്ളവർക്ക് 30 ശതമാനവുമായിരുന്നു നികുതി. കഴിഞ്ഞ ബജറ്റിൽ 400 കോടി വിറ്റുവരവുള്ളവർക്ക് നികുതി 25 ശതമാനമാക്കി കുറച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.