ഇവർക്കൊരേയൊരു സ്വപ്നം മാത്രം; ഉറപ്പുള്ളൊരു മേൽക്കൂര

വടക്കാഞ്ചേരി: വിധിയുടെ ക്രൂരതക്ക് മുന്നിൽ അധികൃതരുടെ കനിവിന് കാത്തിരിക്കുകയാണ് ഒരുകുടുംബം. തെക്കുംകര പഞ്ചായത്തിലെ മണലിത്തറ നീലങ്കാവിൽ കുടുംബത്തിന് വേണ്ടത് വാസയോഗ്യമായ വീടാണ്. രണ്ട് വർഷം മുൻപാണ് ഇവരുടെ കുടുംബത്തിന് മേൽ വിധിയുടെ കരിനിഴൽ വീഴുന്നത്. ഗൃഹനാഥനായിരുന്ന ഡേവിസ് സ്വന്തം കൃഷിയിടത്തിൽ പാമ്പുകടിയേറ്റ് മരിച്ചതോടെ 83 വയസ്സുള്ള ഡേവിസിൻെറ മാതാവും ഭാര്യയും ഭിന്നശേഷിക്കാരായ രണ്ട് മക്കളും ദുരിതത്തിലായി. പഴയൊരു ഓട് വീടുള്ളത് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നാട്ടുകാരുടെ സഹായത്തോടെ ടാർപോളിൻ ഷീറ്റിട്ട് മൂടിയിട്ടുണ്ട്്. കഴിഞ്ഞ പെരുമഴയത്ത് പേടിച്ച് കഴിയുകയായിരുന്നു ഇവർ. ഇപ്പോഴും മാനത്തൊരു മഴക്കാറു കണ്ടാൽ ഇവരുടെ മനസ്സിൽ തീയാണ്. ഡേവീസിൻെറ മാതാവ് റോസിക്ക് കിട്ടുന്ന വാർദ്ധക്യ പെൻഷനും ഭിന്നശേഷിക്കാരായ ഡെൽസനും, അലക്സിനും ലഭിക്കുന്ന പെൻഷനും മാത്രമാണ് ഈ കുടുംബത്തിൻെറ ഏക വരുമാനം. ഇതിനിടെ ഗൃഹനാഥ വെറോണിക്കയും രോഗബാധിതയായതോടെ കുടുംബം തീർത്തും ദുരിതത്തിലായി. വെറോണിക്കയുടെ മക്കളായ 19കാരൻ ഡെൽസനും 18 കാരൻ അലക്സും ഇപ്പോൾ പോപ്പ് പോൾ മെഴ്സി ഹോമിലെ വിദ്യാർഥികളാണ്. വീടിനായി അപേക്ഷ പല തവണ നൽകിയെങ്കിലും സ്വന്തമായി സ്ഥലവും കിടപ്പാടവുമുള്ളവർക്ക് ധനസഹായത്തിന് അർഹതയില്ലെന്നായിരുന്നു മറുപടി. വാസയോഗ്യമായൊരു വീട് ലഭിക്കാൻ അധികൃതരോ സുമനസ്സുകളോ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.