പ്രളയദുരിതാശ്വാസം; കേന്ദ്രസർക്കാറിന് മെമ്മോറാണ്ടം നൽകാൻ ഉദ്യോഗസ്ഥസമിതി

പ്രളയദുരിതാശ്വാസം; കേന്ദ്രസർക്കാറിന് മെമ്മോറാണ്ടം നൽകാൻ ഉദ്യോഗസ്ഥസമിതി തിരുവനന്തപുരം: പ്രളയത്തിൽ കേന്ദ്രസർക്കാറിൽനിന്ന് അർഹമായ സഹായം ലഭിക്കുന്നതിന് വിശദമായ മെമ്മോറാണ്ടം തയാറാക്കാൻ ഉദ്യോഗസ്ഥസമിതിയെ ചുമതലപ്പെടുത്തി ഉത്തരവ്. ചീഫ് സെക്രട്ടറി ടോം ജോസ് ആഭ്യന്തരജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, ധനവകുപ്പ് അഡീഷനൽ സെക്രട്ടറി മനോജ് ജോഷി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു, കാർഷികോൽപാദന കമീഷണർ ദേവേന്ദ്രകുമാർ സിങ് എന്നിവരാണ് അംഗങ്ങൾ. സമയബന്ധിതമായി ദുരിതാശ്വാസ നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ശിപാർശകൾ സമർപ്പിക്കാനും മന്ത്രിസഭഉപസമിതിയെ ചുമതലപ്പെടുത്തി. മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ഉപസമിതിഅംഗങ്ങൾ. ദുരിതബാധിതർക്ക് ആശ്വാസമായി സർക്കാർ നൽകുന്ന തുക നിക്ഷേപിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കാൻ ആവശ്യപ്പെടും. അടിയന്തരസഹായം ലഭിക്കുന്നതിന് അർഹരായവരെ നിശ്ചയിക്കുന്നതിന് വില്ലേജ് ഓഫിസറും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിയും അടങ്ങുന്ന രണ്ടംഗ സമിതിയെയും ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ദുരിതാശ്വാസസഹായം നൽകാൻ കലക്ടറെയും ചുമതലപ്പെടുത്തി. പ്രളയത്തിൻെറ തീവ്രത കണക്കിലെടുത്ത് വില്ലേജുകളെ പ്രളയബാധിതപ്രദേശങ്ങളായി വിജ്ഞാപനം ചെയ്യാൻ ആവശ്യമായ ശിപാർശ ദുരന്തനിവാരണ അതോറിറ്റി സർക്കാറിന് സമർപ്പിക്കണം. 75 ശതമാനത്തിലധികം നാശനഷ്ടം നേരിട്ട വീടിന് നാല് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ ആറ് ലക്ഷവും അനുവദിക്കും. വിവിധ വകുപ്പുകളുടെ കീഴിലുണ്ടായ നാശനഷ്ടങ്ങൾക്ക് 2018 ലെ പോലെ പുനർനിർമാണത്തിനും അറ്റകുറ്റപ്പണിക്കും തുക അനുവദിക്കാനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണുവിൻെറ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.