വെല്ലുവിളിയായി ജലക്ഷാമം വേലുക്കുട്ടിയുടെ വാഴകൃഷി വരൾച്ചയെ തോൽപ്പിച്ചതിങ്ങനെ

എരുമപ്പെട്ടി: നനവെള്ളം കിടക്കുന്നത് കൃഷി തോട്ടത്തിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ. വിളയിറക്കിയത് ആയിരത്തോളം നേന്ത്രക്കുലകൾ. വെള്ളം നല്ലപോലെ വേണ്ട നേന്ത്രവാഴ കൃഷി തയ്യൂർ വേലുക്കുട്ടി നൂറുേമനി വിളയിച്ചത് ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം അധ്വാനംകൊണ്ട് ഭേതിച്ച്. വേലുക്കുട്ടിയുടെ അധ്വാനത്തിന് മണ്ണ് കനിഞ്ഞപ്പോൾ ആയിരത്തോളം നേന്ത്രകുലകളാണ് ഓണത്തിനായി വിളഞ്ഞത്. മൂന്നു കിലോമീറ്ററിലധികം അകലെ എരുമപ്പെട്ടിയിലെ ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിലെ വെള്ളം കൊണ്ടുവന്നാണ് വേലുക്കുട്ടി തയ്യൂരിലുള്ള തൻെറ തോട്ടത്തിൽ നേന്ത്രവാഴകൃഷി പരിരക്ഷിച്ചത്. ജലക്ഷാമം അതിരൂക്ഷമായി നേരിട്ട ഈ വർഷം വെള്ളം ലഭിക്കാത്തതിനാൽ കൃഷി നടത്തുക വാഴക്കർഷകരെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. വേനലിനെ അതിജീവിക്കാൻ മാർഗങ്ങളില്ലാതെ ആശങ്കയിൽ കഴിയുമ്പോഴാണ് തൊട്ടടുത്ത പഞ്ചായത്തിലെ ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിൽ വെള്ളം ഉപയോഗിക്കാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ വെള്ളം എങ്ങനെ മൂന്ന് കിലോമീറ്ററിലധികം ദൂരെയുള്ള കൃഷിയിടത്തിലേക്ക് എത്തിക്കാമെന്ന ചിന്തയായി. തുടർന്ന് ഒരു കിലോമീറ്റർ ദൂരം പൈപ്പ് ഉപയോഗിച്ചും രണ്ട് കിലോമീറ്ററിലധികം റോഡരികിലെ കാനകളും ഉപയോഗപ്പെടുത്തിയും വെള്ളം കൊണ്ടുവരുവാനുള്ള വഴി കണ്ടെത്തി. ചെറിയ അരുവി കണക്കെ വെള്ളത്തെ എരുമപ്പെട്ടി പുഴയിലേക്ക് ഒഴുക്കിയ ശേഷം പുഴയിൽ തടയണകൾ തീർത്ത് അതിൽ നിന്ന് പമ്പ് ചെയ്താണ് നനച്ചത്. വാഴകൃഷി മാത്രമല്ല, സ്ഥലം പാട്ടത്തിനെടുത്ത് ജൈവ പച്ചക്കറികളും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വേലുക്കുട്ടി തയ്യൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.