ശിവൻ വിരമിച്ചു, വനം കൊള്ളയുടെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയോടെ

തൃശൂർ: കോടികളുടെ മാന്ദാമംഗലം വനം കൊള്ള മേലധികാരികള്‍ മൂടിവെച്ച സംഭവം സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഡെപ്യൂട്ടി റേഞ്ചര്‍ കെ.ശിവന്‍ വിരമിച്ചു. ഉദ്യോഗസ്ഥ ഒത്താശയോടെ നടന്ന മരം മുറിച്ചുകടത്തൽ ഇദ്ദേഹത്തിൻെറ ഇടപെടലിലൂടെയാണ് പുറത്തുവന്നത്. ഉദ്യോഗസ്ഥര്‍ വനം മാഫിയയുമായി ചേര്‍ന്ന് കള്ളപ്പരാതികളിലൂടെയും, ഭീഷണികളിലൂടെയും പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവസാന ദിവസം വരെയും അദ്ദേഹം നിലപാടിൽ ഉറച്ചുനിന്നു. കള്ള പ്രതികളെ ഹാജരാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരടങ്ങുന്ന വനം മാഫിയയെ പുറത്തുകൊണ്ടുവന്നത് ഇദ്ദേഹം തലവനായ അന്വേഷണ സംഘമായിരുന്നു. അക്കാലത്തെ പട്ടിക്കാട് റേഞ്ച് ഓഫിസറുടെ കള്ളക്കളി പുറത്തു കൊണ്ടുവന്നതിനെ തുടര്‍ന്ന്, ഡി.എഫ്.ഒ രൂപവത്കരിച്ച ഈ സ്ക്വാഡ് റേഞ്ച് ഓഫിസര്‍ പിരിച്ചുവിട്ടത് വിവാദമായിരുന്നു. കേസിൽ കീഴടങ്ങിയ ഏഴോലിയ്ക്കല്‍ ബൈജു രക്ഷപ്പെട്ട് രണ്ടാം നാള്‍ തൂങ്ങി മരിച്ച സംഭവം അന്വേഷണം ഇല്ലാതാക്കുന്നതിന് വനം മാഫിയ മറയാക്കിയപ്പോൾ ഉയര്‍ന്ന ഏജന്‍സികളെ അന്വേഷണം ഏല്‍പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടികള്‍ സര്‍ക്കാറിന് നഷ്ടം വരുത്തിയ മരംമുറി കേസുകളില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം സര്‍ക്കാറി‍ൻെറ ശ്രദ്ധയിലും അദ്ദേഹം പരാതിയിലൂടെ കൊണ്ടുവന്നു. ഉന്നതരടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടതോടെ വനം വകുപ്പിന് ശിവന്‍ തലവേദനയായി. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും, സസ്പെന്‍ഷന്‍ ഭീഷണിയും അദ്ദേഹം ചെറുത്തുനിന്നു. മാന്ദാമംഗലം സ്റ്റേഷനോടടുത്ത വനം വിജിലന്‍സ് വിഭാഗത്തി‍ൻെറ തൃശൂര്‍ റേഞ്ച് ഉദ്യോഗസ്ഥരറിയാതെ ഇത്രയും വലിയ വനം കൊള്ള സാധ്യമല്ല എന്ന് മേലധികാരികളെ അറിയിച്ചതിനെ തുടര്‍ന്ന് ശിവനെതിരെ വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് രണ്ടു തവണ സസ്പെന്‍ഷന് ശിപാര്‍ശയുണ്ടായെങ്കിലും, ഉന്നത ഉദ്യോഗസ്ഥര്‍ അതിന് മുതിര്‍ന്നില്ല. മരം മുറി കേസിൽ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ശിവൻ വിരമിക്കുന്നതെങ്കിലും ഉന്നതതല അന്വേഷണത്തിന് ഇതുവരെ ഉത്തരവായിട്ടില്ല. വിരമിക്കാൻ ആറ് മാസം മാത്രം ബാക്കിയുള്ളപ്പോള്‍, തൃശൂര്‍ ജില്ലയില്‍ ഒഴിവുണ്ടായിട്ടും അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റി. ഇവിടേയും വനംമാഫിയക്കെതിരെ ശക്തമായ നിലപാടെടുത്തു. വനം വകുപ്പിലെ പുതുതലമുറക്ക് കേസ് കാര്യങ്ങളില്‍ ഇദ്ദേഹം ഗുരുസ്ഥാനീയനാണ്. സേവന മികവിന് 2005ല്‍ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലും, 2010ല്‍ ഗുഡ് സർവിസ് എന്‍ട്രിയും ലഭിച്ചു. കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.