ഗുരുവായൂർ: വെള്ളം തരാതെ പണം തരില്ലെന്ന് വാട്ടർ അതോറിറ്റിയോട് നഗരസഭ. തൈക്കാട് മേഖലയിലെ 64 പൊതുടാപ്പുകളിലേക്ക് വെള്ളം നൽകിയ വകയിൽ 60.80 ലക്ഷം കുടിശ്ശികയുണ്ടെന്ന വാട്ടർ അതോറിറ്റിയുടെ കത്ത് ചർച്ച ചെയ്തപ്പോഴാണ് വെള്ളം നൽകാതെ പണം നൽകേണ്ടെന്ന് കൗൺസിൽ തീരുമാനിച്ചത്. സംയുക്ത പരിശോധനക്ക് ശേഷം പണം നൽകിയാൽ മതിയെന്ന് ഭരണപക്ഷവും പ്രതിപക്ഷവും നിലപാടെടുത്തു. കഴിഞ്ഞ മാസം 28 നകം പണമടച്ചാൽ 7695 രൂപ ഇളവ് നൽകാമെന്നുള്ള വാട്ടർ അതോറിറ്റിയുടെ കത്ത് കൗൺസിലിൽ ചർച്ചക്ക് വരാൻ ഒരു മാസത്തിലധികം താമസിച്ചതിനെ കുറിച്ച് ചെയർപേഴ്സൻ ഉത്തരമൊന്നും നൽകിയില്ല. എത്ര കാലത്തെ കുടിശ്ശികയാണ് 60.80 ലക്ഷം എന്നതിനും ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി. വലിയ തോട് ശുചീകരണത്തിനുള്ള ബൃഹദ്പദ്ധതി അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് വൈസ് ചെയർമാൻ കെ.പി. വിനോദ് അറിയിച്ചു. തോട് വീണ്ടും മാലിന്യ കേന്ദ്രമാകാതിരിക്കാൻ നടപടി വേണമെന്ന് ആർ.വി. അബ്ദുൾ മജീദും സുരേഷ് വാര്യരും ആവശ്യപ്പെട്ടു. നേരത്തെ രണ്ട് ഘട്ടങ്ങളിൽ വലിയ തോടിൻെറ ശുചീകരണം നടന്നിരുന്ന കാര്യം മുൻ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ശ്രദ്ധയിൽപ്പെടുത്തി. വലിയ തോടിലെ കൈയേറ്റങ്ങൾ സർവേ നടത്തി ഒഴിപ്പിക്കണമെന്നും ആവശ്യമുയർന്നു. കാന നിർമാണം ഇഴയുന്നതും കുടിവെള്ള പൈപ്പിടാൻ താമസിക്കുന്നതും ആേൻറാ തോമസും എ.ടി. ഹംസയും ശ്രദ്ധയിൽപ്പെടുത്തി. ദേവസ്വം സ്ഥാപനങ്ങളിൽ നിന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം അടക്കമുള്ളവ പൊതുനിരത്തിലെ കാനയിലേക്ക് ഒഴുക്കുന്നത് കാന നിർമാണത്തിന് പ്രയാസം സൃഷ്ടിക്കുന്നതായി ശോഭ ഹരിനാരായണൻ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ വാർഡുകളുള്ള പൂക്കോട് കൃഷി ഓഫിസറില്ലാത്ത പ്രശ്നം ഹബീബ് നാറാണത്തും ബഷീർ പൂക്കോടും ഉന്നയിച്ചു. സർക്കാറിന് കത്ത് നൽകുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം തുടങ്ങാൻ വൈകുന്നതിനെ പ്രസാദ് പൊന്നരാശേരി ചോദ്യം ചെയ്തു. സാങ്കേതിക അനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങുമെന്ന് മറുപടി നൽകി. വാട്ടർ അതോറിറ്റിയുടെയും പി.ഡബ്ല്യു.ഡിയുടെയും തർക്കം മൂലം ബ്രഹ്മകുളം മേഖലയിൽ നാല് മാസത്തോളമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് എ.പി. ബാബു പറഞ്ഞു. ചെയർപേഴ്സൻ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. ടി.ടി. ശിവദാസൻ, ടി.എസ്. ഷെനിൽ, കെ.വി. വിവിധ്, പ്രഫ. പി.കെ. ശാന്തകുമാരി, ഷൈലജ ദേവൻ, സുരേഷ് വാര്യർ, പി.എസ്. രാജൻ, സ്വരാജ് താഴിശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.