അലഞ്ഞു തിരിയുന്ന കാലികൾ: 10 എണ്ണത്തെ താൻ ഏറ്റെടുക്കാമെന്ന്​ മുൻ മേയർ

തൃശൂർ: നഗരത്തിൽ അലഞ്ഞു തിരിയുന്ന കാലികളിൽ 10 എണ്ണത്തെ താൻ ഏറ്റെടുക്കാമെന്നും ഇവയെ അറവുകാർക്ക് ലേലം ചെയ്ത് വിൽക്കരുതെന്നും മുൻ മേയർ കെ. രാധാകൃഷ്ണൻ. നഗരത്തിൽ അലഞ്ഞു തിരിയുന്ന കാലികൾക്ക് ഉടമസ്ഥരില്ലെന്നും അവരെ കണ്ടെത്താൻ കോർപറേഷൻ വൃഥാ ശ്രമിക്കുകയാെണന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തന്നെ പോലെ കാലികളെ ഏറ്റെടുക്കാൻ സമാന മനസ്ക്കരുണ്ടാവും. കൂറ്റന്മാരെ അടക്കം ഏറ്റെടുക്കും. പക്ഷെ, അവക്ക് മൂക്ക് കയറിടണം. എങ്കിലേ ഇവയെ പിടിക്കാനാവൂ. താൻ പൂരപ്പറമ്പിൽ ജീവിച്ചയാളാണ്. തനിക്ക് കറുത്ത ഒരു പശു ഉണ്ടായിരുന്നു. 14 കൊല്ലം താൻ അതിൻെറ പാല് കുടിച്ചിട്ടുണ്ട്. അതിനെ കറവ വറ്റിയാൽ പൂരപ്പറമ്പിലേക്ക് വിടാറാണ് പതിവ്. നിരവധിപേർ ഇങ്ങനെ ചെയ്യാറുണ്ട്. പിന്നീട് പശുവിന് ചെന(ഗർഭം) പിടിച്ചാൽ തിരിച്ചു കൊണ്ടുപോകും. തൻെറ പശു വണ്ടിയിടിച്ച് ചത്തു. ഇപ്പോഴത്തെ കാലികൾക്ക് ഉടമസ്ഥരില്ല. വർഷങ്ങൾക്കു മുമ്പ് വടക്കുന്നാഥ ക്ഷേത്രത്തിൽ ഗോശാല കൃഷ്ണൻെറ പ്രതിഷ്ഠ ഭാഗത്ത് ധാരാളം പശുക്കളുണ്ടായിരുന്നു. അവയുടെ ഒരു തലമുറ കഴിഞ്ഞപ്പോൾ അവയെ ക്ഷേത്രത്തിൽ നിന്ന് ഓടിച്ചു. അവ പൂരപ്പറമ്പിലും നഗരത്തിലുമായി അലഞ്ഞു. കുറച്ചു കൊല്ലം മുമ്പ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് നട തള്ളിയ 75 കാലികളെ കൊച്ചിൻ ദേവസ്വം ബോർഡ് പിടികൂടി മൈസൂരിലേക്ക് അയച്ചു. ആ ശ്രമം ഇനിയും ചെയ്യാം. അതല്ലെങ്കിൽ കാർഷിക സർവകലാശാലയെ ഏൽപിക്കാം. വളർത്താൻ തയാറുള്ള വ്യക്തികൾക്ക് വെറുതേ കൊടുക്കാം. ഇക്കാര്യങ്ങൾ ഉന്നയിച്ച് മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. കാലികൾമൂലം നഗരവാസികൾക്ക് പ്രയാസമുണ്ടാകുന്നുവെന്ന് പറയുന്നത് ശരിയല്ല. തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രൻ രണ്ടാളെ കൊന്നുവെന്ന് കരുതി അതൊന്നും വൻ സംഭവമായി പറയേണ്ടതില്ല. ആനകളെ ഇപ്പോഴും എഴുന്നള്ളിക്കുന്നുണ്ട്. അതുപോലെ തന്നെ കാലികളുടെ കാര്യവും എടുത്താൽ മതി-അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.