തൃശൂർ: പ്രളയശേഷം ഉരുകുന്ന ചൂടിനെക്കുറിച്ചും ഉൾവലിയുന്ന വെള്ളത്തെക്കുറിച്ചും ആശങ്കപ്പെടുന്ന കേരളത്തിന് മുന്നറിയിപ്പുമായി മുൻ തൃശൂർ കലക്ടർ ഡോ. വി.കെ. ബേബി. പ്രളയക്കെടുതിയുടെ തൊട്ടുപിന്നാലെ കേരളത്തിെൻറ ചർച്ച വരൾച്ചയിലേക്ക് വഴിമാറിയതിലെ വൈരുധ്യം ഒരു പാഠമാണെന്ന് ഒാർമിപ്പിക്കുന്ന ഡോ. ബേബി ഇനി ഒരു തുള്ളി മഴവെള്ളം പോലും പാഴാക്കരുതെന്ന് ദൈവത്തിെൻറ സ്വന്തം നാടിന് താക്കീത് നൽകുന്നു. മേൽത്തട്ട് മുതൽ താഴെവരെയുള്ളവരുടെ ഏകോപനത്തിലൂടെ ജലപരിപാലനത്തിെൻറ പുതിയൊരു സംസ്കാരം കേരളം വികസിപ്പിക്കേണ്ടതുണ്ടെന്ന് വെള്ളത്തിെൻറ ആത്മാവ് അറിഞ്ഞ അദ്ദേഹം നിർദേശിക്കുന്നു. അതൊരു വെറും പറച്ചിലല്ല; െഎക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട് ജലപരിപാലന-ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി നയോപദേശക സമിതിയുടെ വാട്ടർ ആൻഡ് സാനിറ്റേഷൻ പോർട്ഫോളിയോ മേധാവി എന്ന നിലയിലുള്ള ആധികാരിക വിലയിരുത്തലാണ്. ഇപ്പാൾ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ബേബി തൃശൂർ കലക്ടറായിരുന്ന കാലത്താണ് 'മഴപ്പൊലിമ' എന്ന പേരിൽ, ഇപ്പോൾ അന്താരാഷ്ട്ര അംഗീകാരം കാത്തുകിടക്കുന്ന മഴക്കൊയ്ത്ത് പദ്ധതിക്ക് തുടക്കമിട്ടത്. പ്രളയ ബാധിത പ്രദേശങ്ങളിലെ കുടിവെള്ളത്തിെൻറ ഗുണമേന്മ പരിശോധിക്കാനും ഉറപ്പു വരുത്താനും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദെൻറ ആവശ്യപ്രകാരം രണ്ടാഴ്ചത്തെ അവധിയെടുത്ത് കേരളത്തിൽ എത്തിയതാണ് ഡോ. ബേബി. തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ വിദ്യാർഥികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഡോ. ബേബിയുടെ നേതൃത്വത്തിൽ ശുദ്ധജലം ലഭ്യമാക്കാനുള്ള പ്രവർത്തനം ദിവസങ്ങളോളം നടത്തിയിരുന്നു. കിണറുകളും നദികളും അടക്കമുള്ള ജലസ്രോതസ്സുകൾ റീചാർജ് ചെയ്യുക മാത്രമാണ് പ്രളയശേഷം കേരളം നേരിടുന്ന, വരൾച്ചക്ക് സമാനമായ പ്രതിഭാസത്തിന് ഏക പരിഹാരമെന്ന് ഡോ. ബേബി ചൂണ്ടിക്കാട്ടി. മഴക്കൊയ്ത്തിന് വിവേചനരഹിതമായ മഴക്കുഴി നിർമാണം എന്നല്ല അർഥം. മണ്ണിെൻറ ഘടന മനസ്സിലാക്കാതെ മഴവെള്ള സംഭരണവും പാടില്ല. ജലവിഭവ കാര്യത്തിൽ ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്. പൈപ്പ് കണക്ഷൻ സംസ്കാരത്തിൽനിന്ന് ശുദ്ധമായ ജലസ്രോതസ്സിലേക്ക് മടങ്ങണം. 44 ലക്ഷം കിണറുകൾ ഉൾപ്പെടെയുള്ള സ്രോതസ്സുകൾ ശുദ്ധമാക്കണം. കക്കൂസ് കുഴി നിർമാണത്തിൽപോലും പുതിയൊരു സംസ്കാരം വളരണം. 23 വകുപ്പുകളിലായി ചിതറിക്കിടക്കുന്ന ജലവിഭവ കാര്യങ്ങൾക്ക് ഏകോപിത സ്വഭാവം വേണം. 'അഴുക്കുചാലുകളായി മാറിയ കേരളത്തിലെ പുഴകൾ വീണ്ടെടുക്കാൻ അർധ ജുഡീഷ്യൽ അധികാരമുള്ള റിവർ ബേസിൻ കമീഷനോ അതോറിറ്റിയോ വേണം. ഇത് ഫണ്ട് വിഴുങ്ങുന്ന സംവിധാനത്തിനപ്പുറം കീഴ്ത്തട്ട് വരെ പ്രവർത്തിക്കണം'. ഇതിെൻറ രൂപരേഖ സർക്കാറിന് സമർപ്പിക്കുമെന്ന് ഡോ. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.