എരുമപ്പെട്ടി: ഒടുവിൽ പൊലീസിെൻറ 'സമയവും'കൃത്യമായി. വെള്ളറക്കാട് കൈതമാട്ടത്തിനു സമീപം നേപ്പാളി ബാലൻ അലീഷ് ടിപ്പർ ലോറിയിടിച്ച് മരിച്ചത് രാവിലെ 9.15 തന്നെയാണെന്ന് സ്ഥിരീകരിച്ചുള്ള പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ സഹോദരനെ സ്കൂൾ ബസിൽ കയറ്റാൻ മാതാവിനൊപ്പം വന്നപ്പോഴായിരുന്നു ബാലൻ ടിപ്പറിടിച്ച് മരിച്ചത്. അപകട സമയം 8.50 എന്നായിരുന്നു എഫ്.ഐ.ആറിൽ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നത്. ടിപ്പർ ലോറികൾക്ക് നിയന്ത്രണമേർപെടുത്തിയ സ്കൂൾ സമയമായ ഒമ്പതിനും 10നും ഇടയിലാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുമ്പോൽ സമയം തിരുത്തിയത് ലോറി ഉടമയേയും ഡ്രൈവറേയും രക്ഷപ്പെടുത്താൻവേണ്ടിയാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യം 'മാധ്യമം'വാർത്തയും നൽകിയിരുന്നു. ഇതോടെയാണ് എഫ്.ഐ.ആറിൽ പൊലീസ് യഥാർഥ സമയം ചേർത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. മനപ്പൂർവമല്ലാത്ത നരഹത്യക്കും ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ അതിവേഗത്തിൽ വാഹനമോടിച്ചതിനുമാണ് പൊലീസ് കേസ് എടുത്തിരുന്നത്. നിയമം പാലിക്കാതെ വാഹനമോടിച്ച പ്രതിക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും പൊലീസ് അറിയിച്ചു. എഫ്.ഐ.ആറിൽ സമയം തെറ്റായി രേഖപ്പെടുത്തിയെന്നാരോപിച്ച് എ.ഐ.വൈ.എഫ് കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് വെള്ളറക്കാട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ടി.പി. ജോസഫ്, ഹസ്സൻകുട്ടി വെള്ളറക്കാട്, അഷറഫ് ഈയലക്കാട്, സുബീഷ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ സമയത്തെ ടിപ്പർ ലോറികളുടെ ഓട്ടവും മരണപ്പാച്ചിലും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് സെക്രട്ടറി അക്ബറലി, എം.പി. സിജോ, റഫീഖ് തങ്ങൾ എന്നിവർ എരുമപ്പെട്ടി പൊലീസിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.