കുരുക്കും പൊടിയും; കുതിരാൻ യാത്ര അസഹനീയം

തൃശൂർ‌: ദേശീയപാത കുതിരാനില്‍ ജനം അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായില്ല. തകര്‍ന്ന റോഡിൽ കിലോമീറ്റർ നീളുന്ന കുരുക്കാണ് രാവിലെയും രാത്രിയും തുടരുന്നത്. കാഴ്ചയെ മറക്കുന്നതരത്തിൽ റോഡിലുള്ള പൊടിയാണ്‌ നേരിടുന്ന മറ്റൊരു പ്രശ്നം. ഇതൊക്കെ കണ്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ജില്ലാഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ആറുവരി പാത ഭാഗീകമായി പൂര്‍ത്തിയായ ഭാഗത്തുനിന്നും കുതിരാനിലെ ഇരട്ടവരി പാതയിലേക്ക്‌ വാഹനങ്ങള്‍ കടക്കാനെത്തുന്നിടത്താണ് കുരുക്കി​െൻറ പ്രഭവകേന്ദ്രം. ചരക്കുവാഹനങ്ങള്‍ ഏറെയെത്തുന്ന രാവിലെ ഏറെക്കുറേ എല്ലാദിവസവും മണിക്കൂറുകളാണ് വാഹനങ്ങൾ കുരുങ്ങിക്കിടക്കാറ്. ചില ദിവസങ്ങളില്‍ പൊലീസ് ഇടപെട്ടാണ് കുരുക്കിന് പരിഹാരം കാണാറ്. കൊമ്പഴ മുതല്‍ വഴക്കുംമ്പാറ വരെ അഞ്ചരകിലോമീറ്റര്‍ ടാറിങ് നടത്തിയാല്‍ ഇപ്പോഴത്തെ ദുരിതത്തിന്‌ അൽപമെങ്കിലും പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാല്‍, കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയും പ്രവർത്തനങ്ങളൊന്നും നടത്താത്ത സാഹചര്യമാണുള്ളത്. അതേസമയം, കുതിരാനിലെ തുരങ്ക നിർമാണ പ്രവൃത്തി വീണ്ടും ഇഴഞ്ഞുതുടങ്ങി. തുരങ്കനിര്‍മാണ കമ്പനിക്ക് ദേശീയപാത കരാര്‍ കമ്പനി നല്‍കാനുള്ള കുടിശ്ശിക നൽകുന്നതിൽ വീണ്ടും കരാർ ലംഘിച്ചതാണ് പ്രവൃത്തി ഇഴയുന്നത്. നിര്‍മാണം കഴിഞ്ഞ വകയില്‍ 45 കോടിയാണ് കിട്ടാനുള്ളത്‌‌. മഴക്കുമുമ്പേ പൂര്‍ണമായും തകര്‍ന്ന റോഡി​െൻറ അറ്റകുറ്റപ്പണി ഇതുവരെയും നടത്തിയിട്ടില്ല. മണ്ണുത്തി കുതിരാനിൽ ദേശീയപാതയിലെ കുഴികളില്‍പ്പെട്ട വാഹനങ്ങള്‍ വേഗംകുറച്ച് പോകുന്നതും കുരുക്കിന് കാരണമാണ്. വലിയ ചരക്ക് ലോറികള്‍ ലൈന്‍ ട്രാഫിക് തെറ്റിച്ച് വരുന്നതും കുരുക്കിന് ആക്കംകൂട്ടുന്നു. മണ്ണുത്തിയിൽ ഡോണ്‍ബോസ്‌കോ മുതല്‍ മുളയം വരെയുള്ള അരകിലോമീറ്റര്‍ റോഡിലാണ് പൊടിശല്യം രൂക്ഷം. റോഡിന് സമീപത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും കിണറുകളുമെല്ലാം പൊടിയിൽ മുങ്ങി ദുരിതത്തിലാണ്. മുളയംറോഡ് ജങ്ഷനില്‍ അടിപ്പാതക്കായി ദേശീയപാത നിര്‍മാണം നിര്‍ത്തിയതിനെത്തുടര്‍ന്നാണ് പൊടിശല്യത്തിനിടയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.