10,000 രൂപ നൽകിയത് അർഹരിൽ പകുതിപ്പേർക്ക്​

തൃശൂർ: ജില്ലയിൽ പ്രളയബാധിതർക്കായി നൽകുന്ന 10,000 രൂപ നൽകിയത് പകുതിപ്പേർക്ക്. അർഹരായ 1,10,000 പേരിൽ 54,000 പേർക്കാണ് ഇതുവരെ വിതരണം ചെയതത്. ബാക്കിയുള്ളവർക്ക് രണ്ടുദിവസത്തിനകം നൽകുമെന്നാണ് അധികൃതരുടെ വാദം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച എല്ലാവർക്കും തുക നൽകുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 64,190 പേരും ബന്ധുവീടുകളിലും മറ്റും കഴിഞ്ഞവരും അടക്കമാണ് ഒരുലക്ഷം പേർ ജില്ലയിൽ പട്ടികയിൽ ഉൾപ്പെട്ടത്. 10 ദിവസംകൊണ്ട് പകുതിപ്പേർക്കാണ് തുക നൽകാനായതെങ്കിൽ ഇനി രണ്ടുദിവസംകൊണ്ട് എങ്ങനെ പൂർത്തിയാക്കുമെന്നാണ് ജനം ചോദിക്കുന്നത്. അർഹരിലേക്കു മാത്രം തുക എത്തണമെന്ന ബോധ്യത്തിലാണ് വൈകുന്നെതന്നാണ് അധികൃതരുടെ വിശദീകരണം. 100 കോടിയാണ് സംസ്ഥാന ദുരന്ത നിവാരണവകുപ്പ് നേരത്തേ ജില്ലക്ക് നൽകിയത്. ഇതിൽ 35 കോടി 10,000 രൂപ നൽകുന്നതിനായി മാറ്റിവെച്ചതാണ്. 3597 വീടുകളാണ് പൂർണമായി തകർന്നത്. ഇവ പുനർനിർമിക്കുന്നതിനായുള്ള പാക്കേജ് ഇൗ ആഴ്ചയിൽ പ്രഖ്യാപിച്ചേക്കും. ഒപ്പം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമിക്കുന്നതിന് കർമരേഖ ഒരുങ്ങും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നഷ്ടം കണക്കാക്കുന്ന ജോലിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. അതിനിടെ പ്രളയക്കെടുതിയിൽ നഷ്ടപരിഹാരം തേടിയുള്ള അപേക്ഷ വില്ലേജ് ഓഫിസുകളിൽ കുമിഞ്ഞുകൂടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.