തൃശൂർ: പ്രളയക്കെടുതിയെ തുടർന്ന് ഉത്സവ-ആഘോഷ പരിപാടികൾ ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന സർക്കാർ ഉത്തരവ് 2019ലെ തൃശൂർ പൂരത്തെയും ബാധിച്ചേക്കും. പൊതുഭരണവകുപ്പിെൻറ ഉത്തരവ് ബുധനാഴ്ച ചേരുന്ന കൊച്ചിൻ ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്യും. സർക്കാർ ആഭിമുഖ്യത്തിലും സർക്കാറിെൻറ ഫണ്ട് ഉപയോഗിച്ചും നടത്തുന്ന ഫിലിം ഫെസ്റ്റിവെൽ, യുവജനോത്സവം, കലോത്സവം, വിനോദ സഞ്ചാര വകുപ്പിേൻറതുൾപ്പെടെയുള്ള ഉത്സവ- ആഘോഷ പരിപാടികൾ എന്നിവ ഒരു വർഷത്തേക്ക് ഒഴിവാക്കുന്നുവെന്നാണ് ഉത്തരവ്. ഇതിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങൾ എന്ന് നിർവചിച്ചിട്ടില്ലെങ്കിലും ആചാരാനുഷ്ഠാനത്തേക്കാൾ ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ആഘോഷമായതും ഘടക ക്ഷേത്രങ്ങൾക്ക് വിനോദ സഞ്ചാരവകുപ്പ് പണം നൽകുന്നതുമാണ് തൃശൂർ പൂരത്തെക്കുറിച്ച് ആശങ്കക്ക് കാരണം. തൃശൂർ ജില്ലയിലാണ് വിനോദ സഞ്ചാര വകുപ്പ് പണം നൽകുന്ന കൂടുതൽ ഉത്സവാഘോഷങ്ങൾ ഉള്ളത്. തൃശൂർ പൂരത്തിന് പുറമെ ആറാട്ടുപുഴ, ഉത്രാളിക്കാവ് പൂരങ്ങളും പാലക്കാട് ജില്ലയിലെ ചെനക്കത്തൂർ പൂരം, തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാല എന്നിവക്കും ടൂറിസം വകുപ്പ് പണം അനുവദിക്കുന്നുണ്ട്. 2019 മേയ് 13നാണ് ഇനി തൃശൂർ പൂരം. ഫെബ്രുവരിയിലാണ് ഉത്രാളിക്കാവ് പൂരം. ഏപ്രിലിലാണ് ആറാട്ടുപുഴ പൂരം. ഉത്സവാഘോഷം ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായതിനാൽ ഉത്തരവിലൂടെ ഒഴിവാക്കാൻ കഴിയുന്നതല്ലെങ്കിലും ആഘോഷങ്ങൾ നിയന്ത്രിക്കാൻ കഴിയും. ഉത്തരവ് കണ്ടുവെന്നും ക്ഷേത്രാഘോഷങ്ങൾ ഒഴിവാക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ നിർദേശം പാലിക്കുമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇപ്പോൾ ഇത് സംബന്ധിച്ച് നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉത്സവാഘോഷങ്ങൾ സംബന്ധിച്ച് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. ബുധനാഴ്ച ചേരുന്ന ബോർഡ് യോഗത്തിൽ പൊതുഭരണവകുപ്പിെൻറ സർക്കുലർ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആശങ്കയൊന്നുമില്ലെന്ന് തൃശൂർ പൂരത്തിെൻറ മുഖ്യപങ്കാളി ക്ഷേത്രമായ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.