തൃശൂർ: കുത്തിയൊലിച്ചെത്തിയ വെള്ളപ്പാച്ചിലിൽ കുഴഞ്ഞുമറിഞ്ഞ് ഒലിച്ചുപോയത് ഓണസ്വപ്നങ്ങൾ മാത്രമല്ല, ജീവിതമാണ്... തലയിൽ കൈവെച്ച് ഇത് പറയുമ്പോൾ മാളക്ക് സമീപം ആളൂരിലെ കുട്ടനും സുശീലക്കും വാക്കുകൾ ഇടറി... വിതുമ്പൽ പിന്നെ, കരച്ചിലിലേക്ക് വഴിമാറി. കുട്ടനും സുശീലയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഉപജീവനമാർഗമായിരുന്നു മൺപാത്ര നിർമാണവും വിപണനവും. കണക്കുകളെ തെറ്റിച്ച് മഴ പ്രളയം തീർത്തപ്പോൾ കുട്ടനും സുശീലയുമടക്കമുള്ള ആയിരക്കണക്കിന് മൺപാത്ര നിർമാണം ഉപജീവനമാക്കിയവരുടെ ജീവിത സ്വപ്നങ്ങളാണ് തകർത്തെറിഞ്ഞത്. ആവശ്യത്തിന് കളിമണ്ണ് ലഭിക്കാത്തതും മൺപാത്രങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതും പൊതുവിൽ മൺപാത്ര നിർമാണ തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയിരുന്നു. ഓണവും വിഷുവുമടക്കം ആഘോഷങ്ങളിലാണ് കുറച്ചെങ്കിലും മൺപാത്രങ്ങളും തൃക്കാക്കരയപ്പനെ പോലുള്ള കളിമൺ വസ്തുക്കളും വിറ്റഴിക്കപ്പെടുന്നത്. ഓണവിപണി ലക്ഷ്യമിട്ട് വായ്പയെടുത്തും കടം വാങ്ങിയും ഉള്ളത് പണയപ്പെടുത്തിയുമാണ് പുറത്ത് നിന്ന് മണ്ണിറക്കി പാത്രങ്ങളും വസ്തുക്കളുമുണ്ടാക്കിയത്. എന്നാൽ ഇത് വിറ്റഴിക്കാൻ പോയിട്ട് വിപണിയിലെത്തിക്കാൻ പോലുമായില്ല. അതിന് മുമ്പേ ആർത്തലച്ചെത്തിയ മഴ എല്ലാം തകർത്തു. വയനാട് ജില്ലയിൽ കാവുമന്ദം, കൊയ് ലേറി, പെരിയ, കുഞ്ഞം, സുൽത്താൻ ബത്തേരി, നീർവാരം, കരിഞ്ഞി, കോഴിക്കോട് ജില്ലയിൽ ചെറുവടി, പാറമ്മേൽ, കക്കോടി, കോട്ടകുന്ന്, ഒളവണ്ണ, ഓഞ്ചിയം, ചെലവൂർ, ചെത്തകടവ്, കാരശേരി, മലപ്പുറത്ത് മേലാറ്റൂർ, തിരുന്നാവായ (കൊടക്കല്ല്), തിരൂരങ്ങാടി കൂട്ടിലങ്ങാടി, വേങ്ങര, വഴിക്കടവ്, അയ്യയ, ചമ്രവട്ടം, കരുവാക്കോട്, പാലക്കാട് ജില്ലയിൽ ആണ്ടിമഠം (കൽപ്പാത്തി), തേന്നൂർ, കൊല്ലങ്കോട്, പറളി (ആറുപുഴ), മംഗലം, വടക്കുംഞ്ചേരി, പഴമ്പാലക്കോട്, എഴുമങ്ങാട്, തൃശൂർ ജില്ലയിൽ കിഴക്കനാളൂർ, ആറാട്ടുപുഴ, ചാലക്കുടി, ചിറ്റിശേരി, എറണാകുളത്ത് പുതുവാശേരി, ഏലൂർ, ചേരാനെല്ലൂർ, കിഴ്മാട്, മുവ്വാറ്റുപുഴ, കോടനാട്, കരിമാലൂർ, കന്നുകര, കോട്ടയം ജില്ലയിലെ വൈക്കം, പിറവം, ആലപ്പുഴയിൽ മിത്രകിനി, ചെങ്ങന്നൂർ-കല്ലിശേരി, പത്തനംതിട്ടയിൽ തിരുവല്ല, ഇടുക്കിയിൽ തൊടുപുഴ (ആനകൂട്) എന്നിവിടങ്ങളിലാണ് പ്രധാനമായും മൺപാത്ര നിർമാണ കുടുംബങ്ങൾ ഏറെയുമുള്ളത്. ഇവിടങ്ങളെല്ലാം പ്രളയം ദുരന്തം തീർത്തു. വീടുകളും പണിശാലകളും നശിച്ചു. ചൂളപ്പുരയിൽ മൺപാത്രങ്ങളും കരുതിവെച്ച മണ്ണും ഒലിച്ചു പോയി. വീടുകൾ തന്നെ പലയിടത്തും ഒഴുകി പോയി. മൺപാത്ര നിർമാണത്തിന് ഉപയോഗിക്കുന്ന ചകിരി, വിറക്, ഇലക്ട്രിക് ചക്രം, പക്കമില്ല തുടങ്ങി ഉപകരണങ്ങളും നശിച്ചു. ഏകദേശം 13 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും, പൂർണമായും കണക്കാക്കിയിട്ടില്ലെന്ന് കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണി പറയുന്നു. കുറഞ്ഞത് മൂന്ന് മാസമെങ്കിലും സൗജന്യ റേഷൻ അനുവദിക്കുകയും തകർന്ന വീടും പണിശാലയും ചൂളപ്പുരയും മണ്ണ് ശേഖരിക്കുന്നതിനുമുള്ള സഹായവുമാണ് ഇവർക്ക് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.