കയ്പമംഗലം: രണ്ട് മണിക്കൂർ നീണ്ട പഞ്ചാരിമേളത്തിൽ പ്രമാണിയായി 12 വയസ്സുകാരൻ. പെരിഞ്ഞനം പള്ളിയിൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടമിരോഹിണിയുടെ ഭാഗമായി നടത്തിയ പഞ്ചാരിമേളത്തിലാണ് പെരിഞ്ഞനം സ്വദേശിയായ എട്ടാംക്ലാസ് വിദ്യാർഥി വിശ്വരാജ് വിനയകുമാർ പ്രാമാണികത്വം വഹിച്ചത്. അമ്പതിലേറെ കലാകാരൻമാർ പങ്കെടുത്ത രണ്ട് പഞ്ചാരിമേളങ്ങളാണ് വിശ്വരാജിെൻറ നേതൃത്വത്തിൽ അവതരിപ്പിച്ചത്. 10 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള 16 കുട്ടികൾ മേളത്തിെൻറ മുൻനിരയിൽ അണിനിരന്നു. അഖില അനിൽകുമാർ, വേദ വിനയകുമാർ എന്നീ പെൺകുട്ടികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഒമ്പത് വയസ്സുള്ള അഭിനവ് കൃഷ്ണ മുതൽ 58 വയസ്സുള്ള അവിട്ടത്തൂർ മദനൻ വരെ മേളത്തിൽ പങ്കെടുത്തു. 96 അക്ഷരകാലത്തിലുള്ള ഒന്നാം കാലം മുതൽ ആറ് അക്ഷരകാലത്തിലുള്ള അഞ്ചാം കാലം വരെ ചിട്ടയോടും ആസ്വാദ്യകരമായും അവതരിപ്പിച്ച കുട്ടികൾ മേള പ്രേമികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. മേളകലാരത്നം കലാമണ്ഡലം ശിവദാസെൻറ ശിക്ഷണത്തിലാണ് കുട്ടികൾ പഞ്ചാരിമേളം അഭ്യസിച്ചത്. നിരവധി പേർ പഞ്ചാരിമേളം ആസ്വദിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.