മാള: പ്രളയക്കെടുതിയിൽ മാള മടത്തുംപടി ഗ്രാമീണ വായനശാലയിൽ നശിച്ചത് മൂന്ന് ലക്ഷം രൂപയുടെ വിലപ്പെട്ട ഗ്രന്ഥശേഖരം. കനത്ത വെള്ളകെട്ടിൽ പുസ്തകങ്ങളെല്ലാം നശിച്ചു. പൊയ്യ പഞ്ചായത്ത് ഏഴാം വാർഡിലുള്ള ഈ വായനശാലയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഒറ്റപ്പാലത്തുനിന്ന് സംഘമെത്തി ശുചീകരണം നടത്തി. ഒറ്റപ്പാലം താലൂക്ക് ലൈബ്രറി സെക്രട്ടറി സി.ഇ. വിജയൻ, താലൂക്ക് ലൈബ്രറി എക്സിക്യൂട്ടിവ് അംഗം അധ്യാപിക ഉഷാദേവി എന്നിവരുടെ നേതൃത്വത്തിൽ മുപ്പതംഗ സംഘമാണ് എത്തിയത്. ഇവരെ മടത്തുംപടി ഗ്രാമീണ വായനശാല സെക്രട്ടറി എം.വി. ആൻറണി, താലൂക്ക് കമ്മിറ്റി അംഗം കെ.പി. ഹരി എന്നിവർ സ്വീകരിച്ചു. ഞായറാഴ്ച അഞ്ച് മണിക്കൂർ കൊണ്ട് വായനശാല ശുചീകരണം പൂർത്തീകരിച്ചു. മുന്നൂറോളം അംഗങ്ങളുള്ള ഈ വായനശാല 15 സെൻറ് സ്വന്തം ഭൂമിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 2008ൽ പ്രവർത്തനം തുടങ്ങിയ വായനശാലക്ക് ആയിരത്തിലധികം സ്ഥിരം വായനക്കാരുണ്ട്. ഒറ്റപ്പാലത്തെ അക്ഷര പ്രേമികളായ സംഘത്തെ നാട്ടുകാർ അഭിനന്ദിച്ചു. വൈകീട്ട് നാലോടെയാണ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.