ഇരിങ്ങാലക്കുട: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം താലൂക്ക് ഓഫിസിന് പ്രളയ ദിനം മുതൽ ഇതുവരെ അവധിയില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആഗസ്റ്റ് 15 മുതൽ രാപകലില്ലാതെ പ്രവർത്തിക്കുകയാണ് ഈ സർക്കാർ ഓഫിസ്. തഹസിൽദാർ ഐ.ജെ. മധുസൂദനെൻറ നേതൃത്വത്തിൽ രാത്രികാലങ്ങളിലും ഇവിടെ ഉദ്യോഗസ്ഥർ ഉണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള മേൽനോട്ടവും മറ്റു പ്രവർത്തനങ്ങളും ഇവിടെനിന്നുള്ള നിർദേശപ്രകാരമായിരുന്നു. മുകുന്ദപുരം താലൂക്കിൽ 12 ദുരിതാശ്വാസ ക്യാമ്പുകളിൽ 171 കുടുംബങ്ങളിൽനിന്നായി 517 പേരാണ് ഇപ്പോഴുള്ളത്. ആനന്ദപുരം, ഇരിങ്ങാലക്കുട, മാടായിക്കോണം, പൊറത്തിശ്ശേരി, പടിയൂർ, എടതിരിഞ്ഞി, കാറളം, കാട്ടൂർ, നെല്ലായി പറപ്പൂക്കര, തൊട്ടിപ്പാൾ, പൂമംഗലം, പുല്ലൂർ എന്നീ വില്ലേജുകളിലാണ് ഇപ്പോഴും ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ക്യാമ്പുകൾ പലതും പിരിച്ചുവിട്ടപ്പോൾ ദുരിതാശ്വാസ പ്രവർത്തനത്തിലാണ് ഇപ്പോൾ ഊന്നൽ കൊടുക്കുന്നത്. 171 വീടുകളിൽ ഭൂരിപക്ഷവും വാസയോഗ്യമല്ലാത്തതും തകർന്നതുമാണ്. വീടിനുള്ളിൽ വെള്ളം കേറി വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിച്ച 508 പേർക്ക് വെള്ളിയാഴ്ച വരെ 10,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ഇതിനകം കൈമാറിയതായി തഹസിൽദാർ ഐ.ജെ. മധുസൂദനൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ച എല്ലാവർക്കും 10,000 രൂപയുടെ ധനസഹായം ഇപ്പോൾ കൊടുക്കുന്നില്ല. വെള്ളം കയറിയ വീടുകൾ ബി.എൽ.ഒ മുഖേനെ കണക്കെടുത്ത് വില്ലേജ് ഓഫിസർ പരിശോധിച്ച് താലൂക്കിലേക്ക് അയക്കുന്നുണ്ട്. ഈ ലിസ്റ്റിൽ ഉള്ളവരുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. അടുത്ത രണ്ട് ദിവസം 1000 പേരുടെ കൂടെ ആക്കൗണ്ടിലേക്കും പൈസ അയക്കാനുള്ള തീവ്ര യജ്ഞത്തിലാണ്. ഇതിനായി 12 കമ്പ്യൂട്ടറുകൾ താലൂക്ക് ഓഫിസിൽ ഡാറ്റ എൻട്രിക്കായി മുഴുവൻ സമയവും ഇപ്പോൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ബ്ലോക്ക് ഓഫിസിൽനിന്ന് ഡി.ടി.പിക്കായി ജീവനക്കാരെ പ്രവൃത്തി വേഗത്തിലാക്കൻ വിട്ടുതന്നിട്ടുണ്ട്. മുകുന്ദപുരം താലൂക്കിൽ 12,000 പേരുടെ വീട്ടിലെങ്കിലും വെള്ളം കയറിയെന്നാണ് കണക്ക്. ഇപ്പോൾ വീടിനുള്ളിൽ വെള്ളം കേറിയവർക്കാണ് ധനസഹായം നൽകിവരുന്നത്. വീടിന് പുറത്ത് വെള്ളമെത്തിയവരുടെ ലിസ്റ്റും കൈയിലുള്ളതിനാൽ സർക്കാർ അവർക്കും ധനസഹായം പ്രഖ്യാപിക്കുമ്പോൾ അതും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.