തൃശൂർ: കലിതുള്ളിയാർത്തലച്ച മഴക്കെടുതിയിൽ സംസ്ഥാനത്തെ കോഴി കർഷകർക്ക് നേരിട്ടത് മഹാദുരന്തം. 25 ലക്ഷം കോഴികളാണ് പ്രളയത്തിൽ വെള്ളം കയറി ചത്തൊടുങ്ങിയത്. സംസ്ഥാനത്തെ എൺപതിനായിരത്തോളം ഫാമുകളിൽ ഏഴായിരത്തോളം പൂർണമായി ഇല്ലാതായി. സംഭരിച്ചിരുന്ന കോഴിത്തീറ്റയും ഒഴുകിപ്പോയി. സംസ്ഥാനത്തെ കോഴി വളർത്തൽ മേഖലയെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ. പ്രളയ നഷ്ടം കണക്കാക്കാൻ മൃഗസംരക്ഷണ വകുപ്പ് തേടിയതനുസരിച്ച് നൽകിയ കണക്കിലാണ് ഇക്കാര്യം അറിയിച്ചത്. 31, 863 കോഴികൾ ചത്തെന്നാണ‌് മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ മാസം 21ന് ശേഖരിച്ചതനുസരിച്ച ഔദ്യോഗിക കണക്ക‌്. ഇതിൽ അത്യുൽപാദന ശേഷിയുള്ള കോഴികളുടെ എണ്ണം മാത്രം ആയിരത്തിലേറെയുണ്ട്. കോഴി കർഷകരുടെ സംഘടനയാണ് പുതിയ കണക്കുകൾ ശേഖരിച്ച് വകുപ്പിന് റിപ്പോർട്ട് നൽകിയത്. തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പ്രളയത്തിലെ കോഴികൾ വൻതോതിൽ ചത്തൊടുങ്ങിയത്. എട്ടു ലക്ഷത്തിലധികം പേർ കോഴിവളർത്തൽ, വിപണന മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. ആഴ്ചയിൽ ഒരു കോടി കിലോയിലേറെ കോഴിയിറച്ചി സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതിയുടെ കണക്ക്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ കോഴിയും തീറ്റയുമെത്തുന്നത്. ജി.എസ്.ടി നടപ്പാക്കിയ സമയത്തുയർന്ന വില വിവാദത്തിൽ സംസ്ഥാനത്ത് കുടുംബശ്രീയടക്കമുള്ള സംഘങ്ങളെ സഹകരിപ്പിച്ച് കോഴിവളർത്തലിന് പദ്ധതിയിട്ടിരുന്നുവെങ്കിലും വിജയിച്ചില്ല. ഇതിന് ശേഷം 80-90 രൂപയിലേക്ക് ഒതുങ്ങിയിരുന്ന ഇറച്ചിക്കോഴി വില, പ്രളയകാലത്ത് 150 രൂപ വരെയെത്തി. കുഞ്ഞുങ്ങളെയെത്തിച്ച് വളർത്തി വിൽക്കുകയാണ് ചെയ്യുന്നത്. തൃശൂർ ആസ്ഥാനമായുള്ള ഇറച്ചിക്കോഴി വളർത്തുന്ന ഗ്രൂപ്പിന് മാത്രം പ്രളയത്തിൽ നാല് ലക്ഷം കോഴികളാണ് ചത്തത്. ഫാമുകൾ സജ്ജമാക്കാനും കോഴിക്കുഞ്ഞുങ്ങളെയെത്തിച്ച് വളർത്തിയെടുക്കാനും വൻ മുതൽ മുടക്ക് േവണമെന്ന് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി പ്രസിഡൻറ് ബിന്നി ഇമ്മട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.